തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിപ്പമുള്ള മദര്‍ ഷിപ്പുകള്‍ അഥവ മാതൃ യാനങ്ങള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യമുള്ള ഇന്ത്യയിലെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖമായി അന്താരാഷ്ട്ര മാരിടൈം ഭൂപടത്തിലിടം നേടിയ വിഴിഞ്ഞം, ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ്.
വഴിഞ്ഞം തുറമുഖത്തിന്‍റെ സ്ഥാനം :യൂറോപ്പിനെ പേര്‍ഷ്യന്‍ ഉള്‍ക്കടലും ഫാര്‍ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കപ്പല്‍ ചാലില്‍ നിന്ന് വെറും 11 നോട്ടിക്കല്‍ മൈല്‍ (1.852 കിലോമീറ്ററാണ് ഒരു നോട്ടിക്കല്‍ മൈല്‍) അകലെ മാത്രമാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത് എന്നതാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം. ഇന്ത്യയില്‍ മറ്റൊരു തുറമുഖത്തിനും ഈ അനുകൂല ഘടകമില്ല.
മാത്രമല്ല, ലോകത്തിലെ മൊത്തം ചരക്ക് നീക്കത്തിന്‍റെ 30 ശതമാനവും നടക്കുന്നത് ഈ റൂട്ടിലൂടെയാണ്. കൂടുതല്‍ കപ്പലുകള്‍ക്ക് വിഴിഞ്ഞത്തെത്തി ട്രാന്‍സ്ഷിപ്പ്മെന്‍റ് (വലിയ കപ്പലില്‍ നിന്ന് ചെറിയ കപ്പലിലേക്കുള്ള ചരക്കു നീക്കം) നടത്തുന്നതിനുള്ള സാധ്യത ഏറെയാണ്. വിഴിഞ്ഞം അതിവേഗം പുരോഗതിയിലേക്കെത്താനുള്ള സുപ്രധാന സാധ്യതകളിലൊന്നാണിത്.
പ്രകൃതി ദത്തമായ ആഴം :ലോകത്തിലെ മിക്കവാറും വന്‍കിട തുറമുഖങ്ങള്‍ കൃത്രിമമായി സൃഷ്‌ടിക്കുന്നവയാണ്. എന്നാല്‍ വിഴിഞ്ഞം തുറമുഖം ഒരു സ്വാഭാവിക തുറമുഖമാണ്. പ്രകൃതിദത്തമായ 20 മീറ്റര്‍ സ്വാഭാവിക ആഴമുള്ള തുറമുഖമാണിത്. കൃത്രിമ തുറമുഖങ്ങളില്‍ ഡ്രഡ്‌ജിങ് അഥവാ മണ്ണ് നീക്കം ചെയ്യല്‍ ആവശ്യമാണെങ്കില്‍ വിഴിഞ്ഞം തുറമുഖത്തിന്‍റെ അടിത്തട്ടില്‍ പാറയാണ്. ഇത് കാരണം ഇവിടെ ഇടയ്ക്കിടെ മണ്ണ് നീക്കം ചെയ്‌ത് ആഴം വര്‍ധിപ്പിക്കേണ്ട ആവശ്യമില്ല.
പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്നത് 10 ലക്ഷം ടിഇയു കണ്ടെയ്‌നര്‍ :ആദ്യഘട്ടം ഒക്ടോബറില്‍ പൂര്‍ണ സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം ടിഇയു (ട്വന്‍റി ഫുട്ട് ഇക്വലന്‍റ് യൂണിറ്റ്) കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖമായി വിഴിഞ്ഞം തുറമുഖം മാറും. പ്രതിവര്‍ഷം ഇത്രയും ചരക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖം ഇന്ത്യയില്‍ മറ്റെവിടെയുമില്ല.