തിരുവനന്തപുരം:മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാർ പിടിയിൽ. മൂന്ന് ദിവസമായി നടന്ന പരിശോധനയിൽ 42 ജീവനക്കാർക്കാണ് പിടിവീണത്. മദ്യപിച്ചതായി കണ്ടെത്തിയ 10 ജീവനക്കാർക്കെതിരെ ഉടൻ സസ്‌പെൻഷൻ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എ ഷാജി ഇടിവി ഭാരതിനോട് പറഞ്ഞു.
ഡ്രൈവർമാർ, കണ്ടക്‌ടർമാർ, വർക്ക് ഷോപ്പ് എഞ്ചിനീയർമാർ എന്നിവരാണ് പരിശോധനക്കിടെ പിടിയിലായത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരമാണ് കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്താൻ പരിശോധന ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ പരിശോധനയ്‌ക്കായി 20 ബ്രത്ത് അനലൈസറാണ് വാങ്ങിയത്.
പരിശോധനയ്‌ക്കായി 20 സ്‌ക്വാഡുകളെ നിയോഗിക്കുകയും ചെയ്‌തിരുന്നു. ഒരു ഡിപ്പോയിൽ ജീവനക്കാർ മദ്യപിച്ചത് മൂലം 8 സർവീസുകൾ മുടങ്ങിയതായും വിവരമുണ്ട്. സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലും ബ്രത്ത് അനലൈസർ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.