ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണം : സമരക്കാരുമായി ഗതാഗത കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയം (Etv bharat network) തിരുവനന്തപുരം:ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പ്രതിഷേധം ശക്തമാക്കിയിരിക്കെ സമരക്കാരുമായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയം. അനുകൂല തീരുമാനങ്ങൾ ചർച്ചയിൽ ഉണ്ടായില്ലെന്ന് സിഐടിയു നേതൃത്വം നൽകുന്ന ഓൾ കേരള ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയനും ഐഎൻടിയുസി നേതൃത്വം നൽകുന്ന ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഇൻസ്‌ട്രക്റ്റേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ പ്രതിനിധികളും പറഞ്ഞു. അഞ്ചു മണിക്ക് മുൻപ് തീരുമാനം അറിയിക്കാമെന്ന് ഗതാഗത വകുപ്പ് പറഞ്ഞിട്ടുണ്ടെന്നും സിഐടിയു പ്രതിനിധി സി ടി അനിൽ പറഞ്ഞു.
ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. ടെസ്റ്റിന്‍റെ എണ്ണത്തിലെ നിയന്ത്രണമാണ് പ്രധാന പ്രശ്‌നം. നിലവിലെ എണ്ണം കുറയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഫെബ്രുവരി അഞ്ചിന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്നാണ് ആവശ്യം. കോടതി തീരുമാനിക്കേണ്ട വിഷയം അല്ല ഇത്. ചില വിട്ടു വീഴ്‌ചകൾക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തങ്ങൾ ഉറച്ച നിലപാടിലാണ്. ഒരു വർഷത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ നിലനിൽപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ ലഭിക്കുന്ന അഡ്‌മിഷനുകളാണ്. എത്രയും വേഗം സമരം അവസാനിപ്പിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്
ഗതാഗത മന്ത്രി അനുകൂല നിലപാട് എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് അനുവദിക്കണം. മന്ത്രിയുടെ ഭാവനയ്ക്ക് അനുസരിച്ച് ഗ്രൗണ്ട് പരിഷ്‌കരിക്കാൻ ഡ്രൈവിങ് സ്‌കൂളുകൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ് ധർണ്ണ അടക്കമുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ഐഎൻടിയുസി പ്രതിനിധി എം എസ് പ്രസാദ് പറഞ്ഞു. ഇന്ന് വൈകുന്നേരത്തിനു മുൻപ് പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചർച്ച അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, ഗതാഗത മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ളവർ പങ്കെടുത്തു
Also Read:ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ; അറിയാം ഈ മാറ്റങ്ങൾ
അതേസമയം മുട്ടത്തറയിലെ ഡ്രൈവിങ് ടെസ്‌റ്റ് കേന്ദ്രത്തിൽ ഇന്നും പ്രതിഷേധം നടന്നു. 18 അപേക്ഷകരാണ് ഇന്ന് ടെസ്‌റ്റിനായി ഇവിടെ എത്തിയത്. പ്രതിഷേധം നടക്കുന്നതിനാൽ ടെസ്‌റ്റ് നടത്താന്‍ കഴിഞ്ഞില്ല. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഞ്ഞിവച്ച് പ്രതിഷേധിക്കുകയും ചെയ്‌തു.