കോഴിക്കോട് :ഉത്തരേന്ത്യൻ സ്വദേശിയായ ഡോക്‌ടറുടെ പക്കൽ നിന്നും 4.08 കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കോഴിക്കോട് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 35 വർഷമായി കോഴിക്കോട് താമസമാക്കിയ മധ്യപ്രദേശ് സ്വദേശിയാണ് തട്ടിപ്പിനിരയായത്.
രാജസ്ഥാൻ ദംഗര്‍പൂര്‍ സ്വദേശിയായ അമിത് എന്ന വ്യക്തിയാണ് സഹതാപത്തിലൂടെയും ചൂഷണത്തിലൂടെയും പിന്നീട് ഭീഷണിപ്പെടുത്തിയും പണം തട്ടിയത്. അമിത് ജെയിന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ കഴിഞ്ഞ ജനുവരി മാസം അവസാനമാണ് ഡോക്‌ടറെ വിളിക്കുന്നത്. തന്‍റെ കുടുംബം കടക്കെണിയിലാണെന്നും ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യമാണ് തങ്ങൾക്ക് മുന്നിലുള്ളതെന്നും അമിത്, ഡോക്‌ടറോട് പറഞ്ഞു.
സേവന പ്രവർത്തനങ്ങൾ ചെയ്യാറുള്ള ഡോക്‌ടർ, അമിതിന് പണം നൽകി സഹായിച്ചു. തുടർന്ന് ചികിത്സ ആവശ്യങ്ങളുൾപ്പെടെ പല കാരണങ്ങൾ പറഞ്ഞ് വീണ്ടും തുക വാങ്ങി. പരാതിക്കാരന്‍റെ സഹതാപം പിടിച്ച് പറ്റുകയും അതിലൂടെ അദ്ദേഹത്തെ കുടുക്കുകയുമായിരുന്നു പ്രതി. ഈ വർഷം ജനുവരി 31 മുതൽ ഓഗസറ്റ് 23 വരെയുള്ള ദിവസങ്ങളിൽ പലതവണകളായി 4,08,80,457 രൂപയാണ് പ്രതി തട്ടിയെടുത്തത്.
തട്ടിപ്പിന്‍റെ നാൾ വഴികൾ :സിനിമ കഥയെ വെല്ലുന്നതാണ് തട്ടിപ്പ്. ജനുവരി 31നാണ് പരാതിക്കാരന്‍റെ സമുദായത്തിൽപ്പെട്ട ആളാണെന്ന് പറഞ്ഞ് അമിത്, ഡോക്‌ടറെ വിളിക്കുന്നത്. തനിക്ക് ടീ പൗഡർ വിതരണം ചെയ്യുന്ന ജോലി ആയിരുന്നെന്ന് പ്രതി പറഞ്ഞു. കൊവിഡിന് ശേഷം കടക്കെണിയിലായെന്നും സഹായം ചെയ്യണമെന്നും അപേക്ഷിച്ച് പണം ആവശ്യപ്പെട്ടിരുന്നു.
പാരലൈസ് ആയ തന്‍റെ ഭാര്യ പ്രസവത്തിനായി അടുത്തുള്ള ക്ലിനിക്കില്‍ ഡോക്‌ടര്‍ ശര്‍മ്മയുടെ ചികിത്സയില്‍ ആണെന്നും തനിക്ക് ധാരാളം കടം ഉള്ളതിനാല്‍ ഇപ്പോള്‍ ആരും സഹായിക്കാന്‍ ഇല്ല എന്നും പ്രതി പറഞ്ഞു. മരുന്ന് വാങ്ങുന്നതിനായി പണം നല്‍കി സഹായിക്കണെന്ന് ആവശ്യപ്പെട്ട് പ്രിസ്ക്രിപ്ഷന്‍ അയച്ചു കൊടുത്തത് പ്രകാരം ക്യൂ ആര്‍ കോഡിലേക്ക് പരാതിക്കാരൻ 5000 രൂപ അയച്ചു കൊടുത്തു.
തുടർന്ന് ഭാര്യ പ്രസവിച്ചെന്നും ഹോസ്‌പിറ്റല്‍ ചെലവിനായി 10,000 രൂപ അയച്ച് തന്ന് സഹായിക്കണമെന്നും അമിത് ആവശ്യപ്പെട്ടു. ഇത് പ്രകാരം പരാതിക്കാരൻ 5000 രൂപ കൂടി അയച്ചു കൊടുക്കുന്നു. താൻ ഇപ്പോള്‍ അനുഭവിക്കുന്ന കട ബാധ്യതകളില്‍ നിന്നും മറ്റ് ദുര്യോഗങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അമ്മ നിരാഹാര വ്രതം അനുഷ്‌ഠിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അവർ മരണപ്പെട്ടെന്നും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കാരണം തങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുന്നതിനെകുറിച്ച് ചിന്തിക്കുകയാണെന്നും അമിത് പരാതിക്കാരനെ അറിയിച്ചു.
ആശുപത്രി ചെലവുകള്‍ക്കായി കഷ്‌ടപ്പെടുകയാണെന്നും സഹായിക്കണമെന്നും കരഞ്ഞപേക്ഷിച്ചതിനെ തുടര്‍ന്ന് പല തവണകളായി പരാതിക്കാരൻ 1,22,000 രൂപ അയച്ചു കൊടുത്തിരുന്നു. അമിതിന്‍റെ കുട്ടിക്ക് ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന് പറഞ്ഞ് ഡോക്‌ടര്‍ ശര്‍മ എന്നയാൾ പരാതിക്കാരനെ വിളിക്കുന്നു. സര്‍ജറി ആവശ്യമാണെന്നും പകുതി തുക ഒഴിവാക്കി തരാമെന്നും ബാക്കി തുക അടയ്‌ക്കണമെന്നും പരാതിക്കാരനോട് ആവശ്യപ്പെട്ടു.
തന്‍റെ വീട്ടില്‍ ഗ്യാസ്, ഇലക്ട്രിസിറ്റി കണക്ഷനുകള്‍ ബില്‍ അടക്കാത്തതിനാല്‍ വിച്‌ഛേദിക്കപ്പെട്ടുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ 38000 രൂപ കൂടി അയച്ചു കൊടുക്കുന്നു. എന്നാൽ വീട്ടില്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ പുനഃസ്ഥാപിച്ച് ലൈറ്റ് ഓണ്‍ ആയതോടെ കടക്കാര്‍ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുയാണെന്നും ഇത് സംബന്ധിച്ച് പൊലീസില്‍ കേസെടുത്തുവെന്നു അമിത് അറിയിച്ചു. മാത്രമല്ല നിയമ നടപടികള്‍ക്ക് പണം ആവശ്യമുണ്ടെന്നും അറിയിച്ചു.
അതേസമയം കടക്കാര്‍ വീട്ടില്‍ വന്നു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് തന്‍റെ സഹോദരി ആത്മഹത്യ കുറിപ്പ് എഴുതി വച്ച് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതായും അമിത് അറിയിക്കുന്നു. ആത്മഹത്യ കുറിപ്പും പരാതിക്കാരന് അയച്ച് കൊടുത്തു.
കടക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അമിത് കേസിൽ പ്രതിയായെന്നും കടങ്ങൾ ഉടൻ വീട്ടിയില്ലെങ്കിൽ അമിത് അറസ്‌റ്റിലാകുമെന്നും ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ എന്ന് പരിചയപ്പെടുത്തിയ യശ്വര്‍ധന്‍ എന്നയാള്‍ ഫോണ്‍ മുഖേന പരാതിക്കാരനോട് പറഞ്ഞു. അമിത് അയാളുടെ അച്‌ഛന്‍റെ പേരിലുള്ള സ്ഥലം വിൽപന നടത്തി പണം തിരികെ നൽകുമെന്നും അതിന് സഹായിക്കാമെന്നും യശ്വര്‍ധന്‍ അറിയിച്ചു.
വിൽപനയ്‌ക്കുള്ള പ്രസ്‌തുത സ്ഥലത്ത് ഇപ്പോള്‍ ഇതര സമുദായത്തില്‍പ്പെട്ട അനധികൃത താമസക്കാര്‍ ആണെന്നും സ്ഥലം ഒഴിപ്പിച്ച് നൽകാമെന്നും ഇൻസ്‌പെക്‌ടർ അറിയിച്ചു. അതേസമയം തന്‍റെ സ്ഥലത്ത് നിന്നും അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുമ്പോള്‍ നിയമ വിരുദ്ധമായ വസ്‌തുക്കള്‍ കണ്ടെത്തിയതായി അമിത് പരാതിക്കാരനെ അറിയിച്ചു. ഇതറിഞ്ഞ് മാധ്യങ്ങൾ എത്തിയെന്നും ഇക്കാര്യം സെറ്റില്‍ ചെയ്യുന്നതിനായി 24 ലക്ഷം രൂപ അടിയന്തുരമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതോടെ പരാതിക്കാരൻ അതും അയച്ച് കൊടുക്കുന്നു.
അമിതിന്‍റെ സ്ഥലത്തെ താമസവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായെന്നും അതിൽ ഒരാള്‍ മരിച്ചുവെന്നും ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ അറിയിക്കുന്നു. ഇക്കാര്യം സെറ്റില്‍ ചെയ്യുന്നതിനായി 24 ലക്ഷം രൂപ കൂടി അടിയന്തരമായി സംഘടിപ്പിക്കാന്‍ അറിയിക്കുന്നു. കണ്‍സ്ട്രക്ഷന്‍ കോണ്ട്രാക്‌ടര്‍ എന്ന് പരിചയപ്പെടുത്തിയ ശീതള്‍ ജെയിന്‍ എന്നയാള്‍ അയാള്‍ക്ക് പണം നല്‍കിയാല്‍ സ്ഥലം നല്ല വിലയ്ക്ക് വിറ്റ് ഒരു മാസത്തിനുള്ളില്‍ പണം നല്‍കാം എന്ന് പരാതിക്കാരനെ അറിയിച്ചു.
അതേസമയം അമിത് ഇതര സമുദായക്കരാല്‍ കിഡ്‌നാപ്പ് ചെയ്യപ്പെട്ടുവെന്നും അയാളുടെ ജീവന്‍ രക്ഷിക്കാന്‍ 28 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ട് അവർ വീണ്ടും പരാതിക്കാരനെ സമീപിച്ചു. അമിത് മരണപ്പെട്ടാല്‍ ഭൂമി വില്‍ക്കാന്‍ ആകില്ലെന്നും നല്‍കിയ പണം തിരികെ കിട്ടാതാവും എന്നും അറിയിക്കുന്നു. ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ ഏര്‍പ്പെടുത്തിയ പ്രകാരം ശീതള്‍ ജെയിന്‍റെ പാര്‍ട്‌ണറും സ്ഥലത്തെ പ്രമാണിയും സമുദായ പ്രമുഖനുമായ രാജേന്ദ്ര സിങ്ങിന് 3.5 കോടിക്ക് സ്ഥലം രജിസ്‌റ്റര്‍ ചെയ്‌ത് കൊടുക്കുന്നതിനും അയാള്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌ത് കൊള്ളാം എന്നും അറിയിക്കുന്നു.
രജിസ്‌റ്റര്‍ ചെയ്‌ത സ്ഥലത്ത് ഉണ്ടായിരുന്ന പ്രാര്‍ഥന സ്ഥലം ഒഴിപ്പിക്കുന്നതിനിടെ സ്ഥലത്തെ ഡിഐജി ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്നതിനായി സ്ഥലത്തെത്തി രാജേന്ദ്ര സിങ്ങിനെയും അമിതിനെയും അറസ്‌റ്റ് ചെയ്‌തതായി അറിയിക്കുന്നു. അന്വേഷണ ടീമിലെ എഎസ്‌പി ജാദവ് ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിനായി 1.11 കോടി അടിയന്തരമായി സംഘടിപ്പിക്കേണ്ടതുണ്ടെന്നും പരമാവധി തങ്ങള്‍ സ്വരൂപിക്കാം എന്നും ഒരു തുക പരാതിക്കാരനോട് അയക്കാനും പറയുന്നു.
പിന്നീട് അമിതിന്‍റെ സഹോദരി രാജേന്ദ്ര സിങ്ങിന്‍റെ വീട്ടില്‍ ആത്‌മഹത്യ ചെയ്‌തുവെന്നും ആത്മഹത്യ കുറിപ്പില്‍ പരാതിക്കാരന്‍റെ പേരുണ്ടെന്നും ഐപിസി 304 പ്രകാരം പരാതിക്കാരൻ കേസില്‍ പ്രതിയാകുമെന്നും ടൗണ്‍ ഇന്‍സ്‌പെക്‌ടറുടെ വേഷം കെട്ടിയ ആൾ വിളിച്ച് അറിയിക്കുന്നു. പരാതിക്കാരനെ കേസിൽ നിന്നും ഒഴിവാക്കാൻ പൊലീസിന് കൈക്കൂലി നൽകാനെന്നും പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. പണം നൽകാനില്ലാതെ വന്നതോടെ സ്വർണം പണയം വയ്ക്കാൻ മകന്‍റെ സഹായം തേടി.
മകൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ഓഗസ്‌റ്റ് 31ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആരാധനാലയങ്ങൾക്കടക്കം വലിയ സംഭാവനകൾ നൽകുന്ന വ്യക്തിയായിരുന്നു പരാതിക്കാരൻ. ഇത് മനസിലാക്കിയ ആളും അയാളുടെ കൂട്ടാളികളുമാണ് തട്ടിപ്പിന് പിന്നിൽ എന്നാണ് പൊലീസ് സംശയിക്കുന്നത്.
Also Read:ഡോക്‌ടര്‍ക്ക് നഷ്‌ടമായത് 8.6 കോടി; തെലങ്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പ്