കാസർകോട്: സാമൂഹിക പ്രവർത്തക ദയാബായ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കാസർകോട് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക. എൻഡോസൾഫാൻ ഇരകളുടെ പ്രശ്‌നങ്ങൾ അധികൃതർക്ക് മുന്നിൽ എത്തിക്കാനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുമാണ് താൻ മത്സരിക്കുന്നതെന്നും ദയാബായ് ഇടിവി ഭാരതിനോട് പറഞ്ഞു.
സാമൂഹിക പ്രവർത്തക ദയാബായ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മത്സരിക്കും - സാമൂഹിക പ്രവർത്തക ദയാബായ്
കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ പ്രശ്‌നങ്ങൾ അധികൃതർക്ക് മുന്നിൽ എത്തിക്കാനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുമാണ് മത്സരിക്കുന്നതെന്ന് ദയാബായ്.
Published : Mar 5, 2024, 3:42 PM IST
കാസർകോടിന്‍റെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു സർക്കാരിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതൊക്ക ജനങ്ങൾക്ക് മുന്നിൽ ഉയർത്തി കാണിക്കും. നേരത്തെ നിരവധി തവണ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു. അന്നൊന്നും തനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്നും ദയാബായ് പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുകയെന്നും എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്നവരും കാസർകോട്ടെ ജനങ്ങളും കൂടെ ഉണ്ടെന്നും ദയാബായ് പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ അടക്കം നിരവധി സമരങ്ങൾക്ക് ദയാബായ് നേതൃത്വം നൽകിയിരുന്നു. 80 വയസ് പിന്നിട്ട ഇവർ നിരാഹാരം കിടന്നുകൊണ്ടും എൻഡോസൾഫാൻ ബാധിതർക്ക് നീതിക്കായി പോരാടിയിരുന്നു. മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായ്.