ചെന്നൈ: ഫെന്‍ജല്‍ ചുഴലിക്കാറ്റ് പുതുച്ചേരിയില്‍ കരതൊട്ടതായി കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ഫെന്‍ജല്‍ ചുഴലിക്കാറ്റ് കരതൊട്ട പശ്ചാത്തലത്തില്‍ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. അടുത്ത മൂന്ന് മുതല്‍ നാല് മണിക്കുര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
10 ജില്ലകളില്‍ റെഡ് അലര്‍ട്ട്: വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങള്‍ ജാഗ്രതയില്‍. തമിഴ്‌നാട്ടിലെ പത്ത് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ, തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴവെളളം ഒഴുക്കി വിടാന്‍ 350 മോട്ടോര്‍ പമ്പുകള്‍ പ്രവര്‍ത്തന സജ്ജമാണ്. ചെമ്പരമ്പാക്കം തടാകത്തില്‍ ജലനിരപ്പ് ഉയര്‍ന്നു. മെട്രോ റെയില്‍ നിര്‍മാണം സ്‌തംഭിച്ചു. ചെന്നൈ കോര്‍പറേഷനില്‍ 329 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ 183 പേരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.
ചെന്നൈ വിമാനത്താവളം നാളെ രാവിലെ നാല് മണി വരെ അടച്ചിടും:പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചെന്നൈ വിമാനത്താവളം നാളെ (01/12/2024) രാവിലെ നാല് മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. 55 വിമാനങ്ങൾ റദ്ദാക്കുകയും 19 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 10,000ത്തില്‍ അധികം ആളുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്കും തിരുപ്പതിയിലേക്കുമുള്ള 20 വിമാനങ്ങളും റദ്ദാക്കി.