കേരളം

kerala

ETV Bharat / state

പത്തനംതിട്ട സിപിഎമ്മിൽ നടപടി, 2 പേരെ സ്ഥാനങ്ങളിൽ നിന്നും നീക്കി; ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച ജില്ല കമ്മിറ്റി അംഗത്തിന് താക്കീത് - CPM THIRUVALLA AREA COMMITTEE - CPM THIRUVALLA AREA COMMITTEE

പത്തനംതിട്ട സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെയും ലോക്കല്‍ സെക്രട്ടറി കെ കെ കൊച്ചുമോനെയും തരംതാഴ്‌ത്തി. പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം.

CPM PATHANAMTHITTA  CPM DEMOTED MEMBERS  VEENA GEORGE S HUSBAND ISSUE  LATEST NEWS IN MALAYALAM
CPM District Committee Office (ETV Bharat)

By ETV Bharat Kerala Team

Published : Aug 19, 2024, 9:22 AM IST

പത്തനംതിട്ട: സിപിഎം തിരുവല്ല ഏരിയ ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി. ഏരിയ സെക്രട്ടറി ആയിരുന്ന ഫ്രാൻസിസ് വി ആന്‍റണിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്‌തതിന് പിന്നാലെ ഏരിയ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബു എന്ന് അറിയപ്പെടുന്ന പ്രകാശ് ബാബു, തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ കൊച്ചുമോൻ എന്നിവരെ സ്ഥാനത്ത് നിന്നും നീക്കി. പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം.

ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തത്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് നേതൃത്വം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മുൻ ഏരിയ സെക്രട്ടറി ആയിരുന്ന ഫ്രാൻസിസ് വി ആന്‍റണിയെ നീക്കിയ തീരുമാനം റിപ്പോർട്ട് ചെയ്യാനായി വിളിച്ച് ചേർത്ത ഏരിയ യോഗത്തിലാണ് ഏരിയ കമ്മിറ്റി അംഗത്തെയും ലോക്കൽ സെക്രട്ടറിയെയും തരംതാഴ്ത്തിയത്. ജില്ല സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന സമിതി അംഗം രാജു എബ്രഹാം ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ദേവസ്വം ബോർഡിലേക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് പാർട്ടി അംഗത്തിന്‍റെ മകനിൽ നിന്നടക്കം പണം തട്ടിയ സംഭവത്തിൽ പരാതിക്കാർ ജില്ല കമ്മിറ്റിക്ക് നൽകിയ പരാതിയിൻ മേൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. പാർട്ടി അംഗം തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരുന്നത്.

പീഡനക്കേസില്‍ ആരോപണ വിധേയനായ സി സി സജിമോനെ പാർട്ടിയില്‍ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചയാളാണ് നടപടി നേരിട്ട തിരുവല്ല ടൗണ്‍ നോർത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോൻ. തിരുവല്ലയില്‍ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്‍റണിയെ ഒരാഴ്‌ച മുൻപാണ് സ്ഥാനത്ത് നിന്നും നീക്കിയത്.

മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്:ഓട വിഷയത്തിൽ മന്ത്രി വീണ ജോര്‍ജിന്‍റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗവും കൊടുമൺ പഞ്ചായത് പ്രസിഡന്‍റുമായ കെ കെ ശ്രീധരനെ കമ്മിറ്റി താക്കീത് ചെയ്‌തു. റോഡ് നിര്‍മ്മാണത്തിനിടെ മന്ത്രി വീണ ജോര്‍ജിന്‍റെ ഭര്‍ത്താവ് ഇടപെട്ട് കടയുടെ മുന്നിലെ ഓടയുടെ ഗതി മാറ്റിയതായി ശ്രീധരന്‍ ആരോപിച്ചു. സംഭവത്തില്‍ ശ്രീധരനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജങ്ഷന് സമീപം വീണ ജോര്‍ജിന്‍റെ ഭര്‍ത്താവിന്‍റെ കെട്ടിടത്തിന് മുന്നില്‍ ഓട പണിയുന്നത് അശാസ്ത്രീയമാണെന്നായിരുന്നു ആരോപണം. മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കൊടുമണ്‍ പൊലീസ് സ്‌റ്റേഷന് സമീപമുള്ള കെട്ടിടം. ഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്‍റെ പണികളുടെ ഭാഗമായി ഓട നിർമ്മാണം നടത്തിയപ്പോൾ ഈ കെട്ടിടത്തിന് മുന്നില്‍ നിർമ്മാണം നടത്തിയത് പഞ്ചായത്ത് പ്രസിഡന്‍റ് കെ കെ ശ്രീധരന്‍ എത്തി തടഞ്ഞതോടെയാണ് സംഭവം വാർത്തകളിൽ നിറഞ്ഞതും വിവാദമായതും.

മന്ത്രിയുടെ ഭര്‍ത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും കെ കെ ശ്രീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ ഭര്‍ത്താവിന്‍റെ കെട്ടിടത്തിന് മുന്‍വശത്ത് ഓട വളച്ചത് ട്രാന്‍സ്‌ഫോർമര്‍ നില്‍ക്കുന്നതിനാലാണെന്നും, അലൈന്‍മെന്‍റില്‍ മാറ്റംവരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി സിപിഎം ജില്ല സെക്രട്ടറി കെ പി ഉദയഭാനുവും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പ്രാദേശിക ഘടകം കെ കെ ശ്രീധരനൊപ്പമാണ് നിലകൊണ്ടത്.

Also Read:മാലയിട്ട് സ്വീകരിച്ചവരിൽ എസ്എഫ്ഐക്കാരെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും; പത്തനംതിട്ടയില്‍ സിപിഎമ്മിന് തലവേദന ഒഴിയുന്നില്ല

ABOUT THE AUTHOR

...view details