കേരളം

kerala

ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ് : സിപിഐക്ക് അരിവാളും ധാന്യക്കതിരും ചിഹ്നത്തില്‍ ദേശീയ തലത്തില്‍ മത്സരിക്കാം - Lok Sabha election 2024

സിപിഐക്ക് അരിവാളും ധാന്യക്കതിരും ചിഹ്നത്തില്‍ ദേശീയ തലത്തില്‍ മത്സരിക്കാമെന്ന്‌ ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവ്‌

Lok Sabha election  CPI symbol  electoral symbol  Election Commission
CPI Lok Sabha Election

By ETV Bharat Kerala Team

Published : Mar 15, 2024, 10:20 PM IST

കണ്ണൂര്‍ : വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് അരിവാളും ധാന്യക്കതിരും ചിഹ്നത്തില്‍ ദേശീയ തലത്തില്‍ മത്സരിക്കാം. ദേശീയ ഇലക്ഷന്‍ കമ്മിഷന്‍റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പാര്‍ട്ടി എന്ന അംഗീകാരം സംബന്ധിച്ച്‌ ആശങ്കയിലായിരുന്ന സിപിഐക്ക് ഇലക്ഷന്‍ കമ്മിഷന്‍റെ ഉത്തരവ് അനുഗ്രഹമായിരിക്കുകയാണ്.

ദേശീയ തലത്തില്‍ നാല്‍പതോളം സീറ്റുകളിലാണ് സിപിഐ മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യാമുന്നണിയുമായുള്ള ധാരണയില്‍ സീറ്റുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. കേരളം, മണിപ്പൂര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ അംഗീകാരമുളള പാര്‍ട്ടിയാണ് സിപിഐ എന്ന് ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സിപിഐക്ക് ദേശീയ ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് പുറമെ സംസ്ഥാന നിയമസഭകളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിലും ഈ ഉത്തരവ് ബാധകമാണ്. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാര്‍ക്കും എല്ലാ റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവ് അയച്ചിട്ടുണ്ട്. അതിനാല്‍ സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ദേശീയ ചിഹ്നം അനുവദിക്കാന്‍ എല്ലാ റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും കമ്മിഷന്‍ ഉത്തരവ് ബാധകമാണ്.

അവസാനമായി നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റിന്‍റെ രണ്ട് ശതമാനത്തില്‍ കുറയാത്ത അംഗങ്ങള്‍ മൂന്നില്‍ കുറയാത്ത സംസ്ഥാനങ്ങളില്‍ ജയിച്ചിരിക്കണമെന്നാണ് ദേശീയ കക്ഷിയായി അംഗീകരിക്കാനുള്ള പ്രധാന വ്യവസ്ഥ. നിയമസഭ തെരഞ്ഞെടുപ്പില്‍ നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്‍റെ ആറ് ശതമാനമെങ്കിലും കരസ്ഥമാക്കിയിരിക്കണം.

നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരം നേടിയിട്ടുണ്ടെങ്കില്‍ ആ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കും. ലോക്‌സഭയില്‍ പതിനൊന്ന് അംഗങ്ങളുണ്ടെങ്കില്‍ അവര്‍ മൂന്നില്‍ കുറയാത്ത സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായാല്‍ ദേശീയ അംഗീകാരം ലഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്‌ത ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന ആശങ്ക തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിജ്ഞാപനത്തോടെ സിപിഐക്ക് ഒഴിവായിരിക്കുകയാണ്.

1925 ഡിസംബര്‍ 26 നാണ് രാജ്യത്തെ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ യോഗം കാണ്‍പൂരില്‍ ചേരുന്നത്. എം ശിങ്കാരവേലു ചെട്ടിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കാന്‍ ഏകകണ്‌ഠമായി തീരുമാനിക്കുകയായിരുന്നു. എസ്‌ വി ഘാട്ടെയായിരുന്നു ദേശീയ സെക്രട്ടറി. 16 അംഗ കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കപ്പെട്ടു. 1951 ലെ തെരഞ്ഞെടുപ്പ് മുതല്‍ ഉപയോഗിച്ചുവരുന്ന ചിഹ്നമാണ് സിപിഐ യുടേത്.

രാജ്യത്ത് തന്നെ ചിഹ്നത്തില്‍ മാറ്റമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനവും സിപിഐ ആണ്. കോണ്‍ഗ്രസിനുപോലും ചിഹ്നങ്ങള്‍ മാറി മറിഞ്ഞിരുന്നു. നാളിതുവരെ അരിവാളും ധാന്യക്കതിരും ഉയര്‍ത്തിപ്പിടിച്ച സിപിഐക്ക് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവച്ചാല്‍ വീണ്ടും ദേശീയ ചിഹ്നവും ദേശീയ പദവിയും ഉറപ്പിക്കാം.

ABOUT THE AUTHOR

...view details