തിരുവനന്തപുരം:തലസ്ഥാനത്ത് ആവേശക്കടലായി യുഡിഎഫ് സമരാഗ്നിയുടെ സമാപന സമ്മേളനം. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി നഗറിൽ നടക്കുന്ന സമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്‌തു. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് സമ്മേളനത്തില്‍ മുഖ്യാതിഥിയായെത്തി. തെരഞ്ഞെടുപ്പ് കാലത്ത് വലിയ ജനശ്രദ്ധയാകർഷിച്ച തെലുങ്ക് ഗാനത്തിന്‍റെ അകമ്പടിയോടെയാണ് രേവന്ത് റെഡ്ഡിയെ വേദിയിലേക്ക് ആനയിച്ചത്. പൊന്നാട അണിയിച്ചും പൂക്കള്‍ സമ്മാനിച്ചും മുഖ്യമന്ത്രി വേദിയിലെത്തിയത്.
പുത്തരിക്കണ്ടം നിറഞ്ഞ് ആവേശം; സമരാഗ്നി സമാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍ - രേവന്ത് റെഡ്ഡി തിരുവനന്തപുരത്ത്
കോണ്‍ഗ്രസ് സമരാഗ്നി പ്രക്ഷോഭ യാത്രയ്‌ക്ക് ഇന്ന് സമാപനം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയായി. പുത്തരിക്കണ്ടം നിറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും.
Published : Feb 29, 2024, 7:47 PM IST
|Updated : Feb 29, 2024, 8:39 PM IST
ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളില്‍ നിന്നായി ആയിര കണക്കിന് പ്രവര്‍ത്തകരും ജനങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. പരിപാടി നടക്കുന്ന പുത്തരിക്കണ്ടത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജനങ്ങളെത്തി തമ്പടിച്ചിരുന്നു. സെക്രട്ടേറിയറ്റിന് സമീപത്ത് നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ വേദിയിലേക്കെത്തിയത്. തുടര്‍ന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്‌പാര്‍ച്ചന നടത്തിയാണ് നേതാക്കള്‍ പരിപാടിയ്‌ക്ക് തുടക്കം കുറിച്ചത്.
സംസ്ഥാനത്തെ കോൺഗ്രസ് യുഡിഎഫ് നേതാക്കൾക്ക് പുറമെ ഇന്ന് (ഫെബ്രുവരി 29) രാവിലെ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ദീപ ദാസ് മുൻഷിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 9ന് കാസര്‍കോട് നിന്നും ആരംഭിച്ച സമരാഗ്നിയാണ് ഇന്ന് തലസ്ഥാനത്ത് സമാപിക്കുന്നത്. നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് വെടിക്കെട്ടും ആര്‍പ്പുവിളികളുമായി ആഘോഷത്തിമര്‍പ്പിലാണ് പുത്തരിക്കണ്ടം മൈതാനം.