തിരുവനന്തപുരം: വാഹന പര്യടനത്തിലൂടെ സ്ഥാനാർഥിയുടെയും മുന്നണിയുടെയും ശക്തി പ്രകടിപ്പിക്കുന്ന പതിവ് തെരഞ്ഞെടുപ്പ് പ്രചാരണ രീതിക്ക് മൂക്കുകയറിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് നിർദേശിച്ചിരിക്കുകയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ വ്യക്‌തമാക്കി.
സ്ഥാനാർഥി സഞ്ചരിക്കുന്ന വാഹനമടക്കം പ്രചാരണത്തിനെത്തുന്ന എല്ലാ വാഹനങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ ഉൾപ്പെട്ട അനുമതി പത്രം വാങ്ങിയാൽ മാത്രം പോര, അത് ദൂരെ നിന്ന് പോലും കാണുന്ന വിധത്തിൽ വാഹനത്തിൽ പ്രദർശിപ്പിക്കുകയും വേണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് സമര്‍പ്പിച്ചാണ് അനുമതി വാങ്ങേണ്ടത്. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷര്‍ക്കും വാഹനത്തിന്‍റെ വിവരങ്ങൾ സമർപ്പിക്കണം. സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന വാഹനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്.