കേരളം

kerala

ETV Bharat / state

മെമു ട്രെയിനിൻ്റെ കന്നി യാത്രയിൽ എൻകെ പ്രേമചന്ദ്രനെതിരെ കൂകി വിളിച്ച് ബിജെപി പ്രവർത്തകർ- വീഡിയോ

എൻകെ പ്രേമചന്ദ്രന് യുഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകുന്നതിനിടെ ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

By ETV Bharat Kerala Team

Published : 7 hours ago

NK PREMACHANDRAN  MEMU TRAIN INAUGURATION  എൻകെ പ്രേമചന്ദ്രനെതിരെ ബിജെപി  LATEST MALYALAM NEWS
BJP Protest (ETV Bharat)

കൊല്ലം: പുതിയ ട്രെയിനിന്‍റെ ഉദ്ഘാടന യാത്രയ്‌ക്കിടെ എൻ കെ പ്രേമചന്ദ്രൻ എംപിയെ കൂകി വിളിച്ച് ബിജെപി പ്രവർത്തകർ. പുതിയതായി അനുവദിച്ച കൊല്ലം - എറണാകുളം മെമു ട്രെയിനിൻ്റെ ഉദ്ഘാടന യാത്രയിലാണ് പെരിനാട് റെയിൽവേ സ്‌റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എൻകെ പ്രേമചന്ദ്രന് യുഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകുന്നതിനിടെ ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രാവിലെ 5.55 നാണ് ട്രെയിനിൻ്റെ ഉദ്ഘാടന യാത്ര ആരംഭിച്ചത്. കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും എൻകെ പ്രേമചന്ദ്രൻ എംപിയും യുഡിഎഫ് നേതാക്കളും എത്തിയിരുന്നു. രണ്ട് എംപിമാരും ഉദ്ഘാടന ട്രെയിൻ യാത്രയിൽ പങ്കാളികളായി.

എൻകെ പ്രേമചന്ദ്രൻ മെമു ട്രെയിൻ ഉദ്ഘാടനത്തിന് എത്തിയപ്പോൾ (ETV Bharat)

ട്രെയിൻ പെരിനാട് റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി രണ്ട് എംപിമാർക്കും സ്വീകരണം നൽകി. ട്രെയിനിന് സമീപത്തായി ബിജെപി പ്രവർത്തകരും എത്തിയിരുന്നു. എന്നാൽ പ്രേമചന്ദ്രന് യുഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകുന്നതിനിടെ ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഈ സംഭവം ഇരുവിഭാഗത്തിലെയും പ്രവർത്തകർ തമ്മിലുളള വാക്കേറ്റത്തിന് കാരണമായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുഡിഎഫ് പ്രവർത്തകർ പ്രേമചന്ദ്രന് അനുകൂല മുദ്രവാക്യം മുഴക്കിയതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇരുകൂട്ടർക്കും ഇടയിൽ നിലയുറപ്പിച്ചു. പൊലീസിൻ്റെ സംയോചിതമായ ഇടപെടൽ മൂലം അനിഷ്‌ട സംഭവങ്ങൾ ഉണ്ടായില്ല. പ്രേമചന്ദ്രൻ എംപി പെരിനാട് റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു.

6.20 ന് സ്റ്റേഷനിൽ നിന്നും മെമു ട്രെയിൻ പുറപ്പെട്ടു. തുടർന്ന് യുഡിഎഫ് പ്രവർത്തകർ പ്രേമചന്ദ്രന് സ്വീകരണം നൽകി. സ്വീകരണ യോഗത്തിന് നന്ദി പറയവേ ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തിനും മുദ്രാവാക്യത്തിനും എതിരെ പ്രേമചന്ദ്രൻ കടുത്ത ഭാഷയിൽ മറുപടി നൽകി. എന്നാൽ ബിജെപി പ്രവർത്തകരുടെ പ്രകോപനപരമായ മുദ്രാവാക്യം പ്രതിഷേധത്തിന് ഇടയാക്കി. കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ യാതൊരു മുദ്രാവാക്യം വിളിക്കാതിരുന്നത് പ്രേമചന്ദ്രനെ കരുതിക്കൂട്ടി ആക്ഷേപിക്കാൻ ആണെന്ന് പ്രേമചന്ദ്രൻ്റെ അനുകൂലികൾ പറഞ്ഞു.

പ്രതിഷേധം കഴിഞ്ഞ് തിരികെ പോയ ബിജെപി പ്രവർത്തകർ പെരിനാട് റെയിൽവേ സ്‌റ്റേഷനിൽ പ്രേമചന്ദ്രന് അഭിവാദ്യം പ്രകടിപ്പിച്ച് വെച്ചിരുന്ന ഫ്ലക്‌സ് ബോർഡുകൾ നശിപ്പിച്ചു. ഇത് പൊലീസും ബിജെപി പ്രവർത്തകരും തമ്മിലുളള വാക്കേറ്റത്തിന് കാരണമായി. പ്രവർത്തകർ നശിപ്പിച്ച ബോർഡ് പൊലീസ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നീക്കം ചെയ്‌തു. ബോർഡ് നശിപ്പിച്ചവർക്ക് എതിരെ കേസെടുക്കുമെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു.

Also Read:ട്രെയിന്‍ യാത്ര ദുരിതത്തിന് താത്‌കാലിക പരിഹാരം; കൊല്ലം-എറണാകുളം റൂട്ടില്‍ മെമു സര്‍വീസ് ആരംഭിച്ചു

ABOUT THE AUTHOR

...view details