കോഴിക്കോട് : റെയിൽവേ സ്‌റ്റേഷൻ പാർക്കിങ് ഏരിയയിൽ നിന്നും ഇരുചക്രവാഹനം മോഷ്‌ടിച്ച യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കൽ സ്വദേശി അക്ഷയ് (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പയ്യാനക്കലില്‍ നിന്നാണ് ഇയാളെ ടൗണ്‍ പൊലീസ് പിടികൂടിയത്.
റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മോഷണം പോകുന്നത് അടുത്തകാലത്ത് പതിവായിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.
സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. തൊണ്ടിമുതലും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ടൗൺ അസിസ്‌റ്റന്‍റ് കമ്മിഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും ടൗൺ ഇൻസ്പെക്‌ടർ പി ജിതേഷ്, സബ് ഇൻസ്പെക്‌ടർമാരായ കെ മുരളീധരൻ മുഹമ്മദ് സിയാദ്, സി പി ഒ ജിതിൻ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ സി കെ സുജിത്ത്, എം ഷാലു എന്നിവരുമടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
ALSO READ:കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം; കള്ളനെ സിസിടിവി വച്ച് പിടിച്ച് പൊലീസ്- വീഡിയോ