തിരുവനന്തപുരം : മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന മനു എന്ന ബംഗാൾ കടുവ ചത്തു. ഇന്നലെ രാത്രിയാണ് സംഭവം. പ്രായാധിക്യം മൂലമാണ് കടുവ ചത്തതെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ നികേഷ് കിരൺ ഇടിവി ഭാരതിനോട് പറഞ്ഞു.
17 വയസ് പ്രായമുണ്ടായിരുന്നു. 2007 ൽ തിരുവനന്തപുരം മൃഗശാലയിലുണ്ടായിരുന്ന കരിഷ്‌മ എന്ന ബംഗാൾ കടുവയാണ് മനുവിന് ജന്മം നൽകിയത്. പ്രായാധിക്യം മൂലം കഴിഞ്ഞ 9 ദിവസത്തോളമായി മനുവിനെ സന്ദർശക കൂട്ടിൽ നിന്ന് പ്രത്യേക കൂട്ടിലേക്ക് മാറ്റി പരിചരണം നൽകിവരികയായിരുന്നു.
സാധാരണ ബീഫ് ആണ് മാംസംഭോജികൾക്ക് ആഹാരമായി നൽകിയിരുന്നത്. എന്നാൽ ഇത് മാറ്റി മനുവിന് മട്ടൻ സൂപ്പ് ആണ് നൽകിയിരുന്നത്. മൃഗശാലയിൽ രാവിലെ 11.30 ന് കടുവയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പോസ്റ്റ്‌മോർട്ടം നടപടികൾ.
വനം വകുപ്പ്, അനിമൽ ഹസ്ബൻഡറി, മൃഗശാല വെറ്ററിനറി സർജൻ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തുക. തുടർന്ന് ജഡം മൃഗശാലയിൽ തന്നെ സംസ്‌കരിക്കും.
ALSO READ:പെരിയാറിന് പിന്നാലെ മരടിലെ കായലിലും മത്സ്യങ്ങൾ ചത്തു പൊങ്ങി; സാംപിൾ ശേഖരിച്ച് ഫിഷറീസ് ഉദ്യോഗസ്ഥരും കുഫോസ് സംഘവും