തിരുവനന്തപുരം:കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ്എന്‍ ട്രെയ്‌നിങ് കോളജ് മാനേജരായ വെളളാപ്പളളി നടേശനെ അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കാൻ ഉത്തരവിട്ട് കോടതി. ഹര്‍ജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്‌ചയ്‌ക്കകം അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്‌ജി ജോസ് എന്‍ സിറിലിൻ്റേതാണ് ഉത്തരവ്. എസ്എന്‍ ട്രെയ്‌നിങ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ ആര്‍ പ്രവീണ്‍ ആയിരുന്നു ഹര്‍ജിക്കാരന്‍. വ്യക്തമായ കാരണമില്ലാതെ പ്രവീണിനെ സസ്‌പെൻ്റ് ചെയ്‌തിരുന്നു. ഇതിനെതിരെ ട്രൈബൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും പ്രവീണിനെ തിരിച്ചെടുക്കാന്‍ മാനേജ്‌മെൻ്റ് തയ്യാറായില്ല. കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്‌തു.