തിരുവനന്തപുരം :ലോകത്തിലെ പടുകൂറ്റന്‍ മദര്‍ഷിപ്പുകളുടെ പറുദീസയാകാന്‍ കാത്തിരിക്കുന്ന വിഴിഞ്ഞത്തേക്ക് കമ്മിഷനിങ്ങിന് മുന്‍പ് വീണ്ടുമൊരു മദര്‍ഷിപ്പ് കൂടി എത്തുന്നു. തുറമുഖത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ചരക്കിറക്കുന്നതിന്‍റെ ഭാഗമായാണ് കപ്പലെത്തുന്നത്. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം എസ് സി)യുടെ ഉടസ്ഥതയിലുള്ള ഡെയ്‌ല എന്ന കണ്ടെയ്‌നര്‍ കപ്പലാണ് വിഴിഞ്ഞത്ത് എത്തുന്നത്.
ഈ മാസം 30- ന് കപ്പല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13,988 കണ്ടെയിനറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന്, 51 മീറ്റര്‍ വീതിയും 366 മീറ്റര്‍ നീളവുമുണ്ട്. കഴിഞ്ഞ മാസം 12- ന് വിഴിഞ്ഞം തുറമുഖത്ത് കണ്ടെയിനര്‍ ഇറക്കി മടങ്ങിയ സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പാണ് വിഴിഞ്ഞത് ഇതുവരെയെത്തിയ ഏറ്റവും വലിയ മദര്‍ഷിപ്പ്.