തിരുവനന്തപുരം:എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന മോട്ടോർ വാഹന നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ നോട്ടിസ് തപാൽ വഴി അയക്കുന്നത് നിർത്തി കെൽട്രോൺ. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാർ പ്രകാരം പ്രതിവർഷം 25 ലക്ഷം പിഴ നോട്ടിസുകളാണ് അയക്കേണ്ടത്. എന്നാൽ ഏപ്രിൽ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞുവെന്നും ഇതിനാലാണ് തപാൽ വഴി പിഴ നോട്ടിസ് അയക്കുന്നത് നിർത്തിയതെന്നും സേഫ് കേരള പ്രോജെക്‌ട് ഹെഡ് രാജ്‌കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇനിമുതൽ പിഴ നോട്ടിസ് അയക്കണമെങ്കിൽ നോട്ടിസ് ഒന്നിന് 20 രൂപ നൽകണമെന്നും 6 മാസത്തെ കുടിശികയായ 20 കോടി രൂപ ഉടനടി നൽകണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചതായും രാജ്‌കുമാർ പറഞ്ഞു. എന്നാൽ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.