ഇടുക്കി:വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിന്‍റെ കുറ്റപത്രം അടക്കമുള്ള 11 രേഖകൾ കോടതിയിൽ നിന്ന് കാണാതായതിനെതിരെ അഭിമന്യുവിന്‍റെ കുടുംബം രംഗത്ത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും അഭിമന്യുവിൻ്റെ സഹോദരൻ പ്രജിത്ത് പറഞ്ഞു.
ഏറെ നിർണ്ണായകമായ രേഖകൾ കോടതിയിൽ നിന്ന് കാണാതായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അഭിമന്യുവിന്‍റെ കുടുംബത്തിന്‍റെ പ്രതികരണം. രേഖകൾ കാണാതായത് ഞെട്ടലോടെയാണ് കേട്ടത്. വിശ്വാസവും പ്രതീക്ഷയും ഉള്ള കോടതിയിൽ നിന്ന് രേഖകൾ കാണാതായത് നിസ്സാരമായി കാണുവാൻ കഴിയില്ല. വിശദമായ അന്വേഷണം നടത്തണം. പിന്നിൽ പ്രവർത്തിച്ചത് ആരായിരുന്നാലും അവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും അഭിമന്യുവിന്‍റെ സഹോദരൻ പ്രജിത്ത് പറഞ്ഞു (Abhimanyu Murder Case).
അതേസമയം സംഭവം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിൽ തന്നെ സെഷൻസ് ജഡ്‌ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദേശവും നൽകി.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 18നു തുടങ്ങാനിരിക്കെയാണ് കുറ്റപത്രം അടക്കമുള്ള 11 രേഖകൾ കാണാതായത്. കോടതിയുടെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന രേഖകൾ കാണാതായതായി ശിരസ്‌തദാർ ഹൈക്കോടതിയെ അറിയിച്ചു.