കേരളം

kerala

ETV Bharat / state

അബ്‌ദുൾ റഹീമിന്‍റെ മോചനം: ഉത്തരവ് ഉടനുണ്ടാവുമെന്ന് സഹായ സമിതി - Abdul Rahims Release - ABDUL RAHIMS RELEASE

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്‌ദുൾ റഹീമിന്‍റെ മോചനം ഉടൻ ഉണ്ടാകുമെന്ന് സഹായസമിതി നേതാക്കൾ അറിയിച്ചു. കേസിന്‍റെ പുരോഗതി വിലയിരുത്തുന്നുണ്ടെന്നും അവർ പറഞ്ഞു.

ABDUL RAHIM RELEASE ORDER  അബ്‌ദുൾ റഹീം മോചനം ഉടൻ  അബ്‌ദുൾ റഹീം സൗദി  ABDUL RAHIM CASE
Abdul Rahim - File (ETV Bharat)

By ETV Bharat Kerala Team

Published : Sep 10, 2024, 1:14 PM IST

കോഴിക്കോട്:സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഉടനുണ്ടാകും. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്‌ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കുന്നതെന്ന് സഹായ സമിതി നേതാക്കൾ അറിയിച്ചു.

കേസിന്‍റെ നടപടികൾ ഇന്ത്യൻ എംബസിയും, റഹീമിന്‍റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും പ്രതിഭാഗം വക്കീലും കൃത്യമായി പിന്തുടരുന്നുണ്ട്. മാത്രമല്ല ഓരോ ദിവസവും ബന്ധപ്പെട്ട ഓഫിസുകളിൽ എത്തി കേസിന്‍റെ പുരോഗതി വിലയിരുത്തുന്നുണ്ടെന്നും സഹായ സമിതി ചെയർമാൻ സിപി മുസ്‌തഫ അറിയിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ദയാധനമായ ഒന്നരക്കോടി സൗദി റിയാൽ ലഭിച്ചതോടെ കൊല്ലപ്പെട്ട സൗദി ബാലന്‍റെ കുടുംബം അനുരഞ്ജന കരാറിൽ ഒപ്പ് വച്ചിരുന്നു. തുടർന്നാണ് റിയാദിലെ ക്രിമിനൽ കോടതി വധശിക്ഷ റദ്ദ് ചെയ്‌തത്. അത് വാദി ഭാഗത്തിന്‍റെ സ്വകാര്യ അവകാശമായതിനാലാണ് ഉടൻ ഉത്തരവിറക്കിയത്.

അതേസമയം ജയിൽ മോചനത്തിന് കടമ്പകൾ ഏറെയുണ്ടായിരുന്നു. പബ്ലിക് റൈറ്റ്സ് അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടിയിരുന്നു. കേസ് അന്വേഷിച്ച് കോടതി റിപ്പോർട്ട് നൽകുന്ന പബ്ലിക് പ്രോസിക്യൂഷൻ ഈ കേസുമായി ബന്ധപ്പെട്ട ഫയൽ കോടതിയിൽ ഞായറാഴ്‌ച (സെപ്‌റ്റംബർ 8) ഹാജരാക്കിയിരുന്നു.

വൈകാതെ തന്നെ കോടതി മോചന ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിന്‍റെ പകർപ്പ് റിയാദ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. ശേഷം ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള പാസ്പോർട്ട് വിഭാഗം ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് ഇന്ത്യൻ എംബസി ഔട്ട് പാസ് നൽകുന്നതോടെ റഹീമിന് ജയിൽ മോചിതനായി രാജ്യം വിടാനാകും.

2006 ഡിസംബറിലാണ് സൗദി ബാലന്‍റെ കൊലപാതക കേസിൽ അബ്‌ദുൽ റഹീം റിയാദിലെ ജയിലിലാകുന്നത്. തുടർന്ന് 18 വർഷത്തോളം നീണ്ട ശ്രമത്തിലൊടുവിലാണ് ജയിൽ മോചനം സാധ്യമാകാൻ പോകുന്നത്.

Also Read:അബ്‌ദുൾ റഹീമിന്‍റെ മോചനം ഉടൻ; അടുത്ത കോടതി സിറ്റിങ്ങില്‍ മോചന ഉത്തരവ് ഇറങ്ങും

ABOUT THE AUTHOR

...view details