വയനാട് : ബത്തേരി സ്‌കൂളില്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായ സംഭവത്തില്‍ നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ഥിയുടെ അമ്മ സ്‌മിത പറഞ്ഞു. തന്‍റെ കുട്ടിക്ക് സംഭവിച്ചത് വേറൊരു കുട്ടിക്കും സംഭവിക്കാന്‍ പാടില്ലെന്നും ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പുതുതായി സ്‌കൂളിലേക്ക് എത്തിയതു മുതല്‍ കുട്ടിക്കു നേരെ സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു. നിന്നെ ഇവിടെ വച്ചുപൊറുപ്പിക്കില്ല എന്ന് മര്‍ദിക്കുന്നതിന് തലേദിവസം വരെ കുട്ടിയോട് പറഞ്ഞിരുന്നതായും അമ്മ പറഞ്ഞു.
ഇന്നലെ വരെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ അധ്യാപകര്‍ ഇന്ന് കാര്യങ്ങള്‍ മാറ്റി പറയുകയാണ്. സ്‌കൂളിന്‍റെ പേര് പോകും എന്നൊക്കെയാണ് അവര്‍ ഇപ്പോള്‍ പറയുന്നതെന്നും അമ്മ ആരോപിച്ചു. അത് ചിലപ്പോള്‍ അവരുടെ നിലനില്‍പ്പിന് വേണ്ടിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പിടിഎ എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ വയനാട് മൂലങ്കാവ് ഗവൺമെന്‍റ് സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.