സെന്‍റ് കിറ്റ്‌സ്: ജേഡൻ സീൽസിന്‍റെ നാല് വിക്കറ്റിന്‍റേയും ഓപ്പണർ ബ്രാൻഡൻ കിങ്ങിന്‍റെ തകർപ്പൻ അർധസെഞ്ചുറിയുടെയും കരുത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് ഏഴ് വിക്കറ്റ് ജയം. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡീസ് 2-0ന് അപരാജിത ലീഡ് നേടി. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 227 റണ്‍സിന് എല്ലാവരും പുറത്തായപ്പോൾ വെസ്റ്റ് ഇൻഡീസ് 36.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
33 പന്തിൽ 46 റൺസ് നേടിയ തൻജിദ് ഹസൻ, 92 പന്തിൽ 2 ഫോറും 4 സിക്‌സും ഉൾപ്പെടെ 62 റണ്‍സുമായി മഹ്മൂദുള്ള, തൻസീം ഹസൻ ഷാക്കിബും (62 പന്തിൽ 45 റൺസ്) ചേർന്നാണ് ബംഗ്ലാദേശിനെ അഞ്ച് ഓവർ ശേഷിക്കെ 227 റൺസിലെത്തിച്ചത്. ഏകദിനത്തിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചുറികൾ നേടുന്നത് മഹമ്മദുല്ലയുടെ കരിയറിൽ ഇത് രണ്ടാം തവണയാണ്.
മഹ്മൂദുള്ളയും തൻസിം ഹസൻ ഷാക്കിബും ചേർന്ന് 106 പന്തിൽ 92 റൺസിന്‍റെ കൂട്ടുകെട്ടാണ് ഏകദിനത്തിലെ എട്ടാം വിക്കറ്റിലെ ബംഗ്ലാദേശിന്‍റെ ഏറ്റവും വലിയ കൂട്ടുകെട്ട്. എട്ടാം വിക്കറ്റിൽ 84 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ മുഹമ്മദ് മിഥുന്‍റേയും മുഹമ്മദ് സെയ്ഫുദ്ദീനിൻന്‍റേയും പേരിലാണ് നേരത്തെ റെക്കോർഡ്. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജെയ്ഡൻ സീൽസ് 4/22 എന്ന കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തി.