ബാര്‍ബഡോസ് :രോഹിത് ശർമ പറഞ്ഞതു പോലെ തന്നെ ടി20 ലോകകപ്പ് ഫൈനലിൽ വിരാട് കോലി മികച്ച പ്രകടനം പുറത്തെടുത്ത കാഴ്‌ചയാണ് ബാർബഡോസിലെ കെൻസിംഗ്‌ടൺ ഓവലിൽ കണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 59 പന്തിൽ 76 റൺസ് നേടിയ താരം ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ലായി.
ടി20 ലോകകപ്പിലെ ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് 75 റൺസ് മാത്രമാണ് വിരാട് കോലിക്ക് നേടാനായത്. ഇതോടെ കനത്ത വിമര്‍ശനവും താരത്തിന് കേള്‍ക്കേണ്ടി വന്നു. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ഉൾപ്പെടെയുള്ള ടീം മാനേജ്‌മെന്‍റ് കോലിക്ക് പൂര്‍ണ പിന്തുണ നല്‍കി.
സെമിയിൽ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ റീസ് ടോപ്‌ലിയുടെ ആദ്യ ഓവറിൽ സിക്‌സര്‍ പറത്താൻ കോലിക്ക് കഴിഞ്ഞിരിന്നു. എന്നാൽ അതേ ഓവറിൽ ഒരു മിസ് ഷോട്ടില്‍ പുറത്താകേണ്ടിയും വന്നു. ഫൈനലില്‍ കോലി തന്‍റെ ക്ലാസിക് ശൈലി പുറത്തെടുക്കുന്നതാണ് കണ്ടത്.
ആദ്യ ഓവറിൽ തന്നെ മൂന്ന് ബൗണ്ടറികളോടെയാണ് താരം നയം പ്രഖ്യാപിച്ചത്. അര്‍ധ സെഞ്ചുറി നേടിയതോടെ ടി20യില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ എന്ന റെക്കോഡില്‍ ബാബര്‍ അസമിനൊപ്പം തലപ്പത്തെത്താന്‍ കോലിയ്‌ക്ക് കഴിഞ്ഞു. ഇരുവരും 39 തവണയാണ് ടി20യില്‍ ഫിഫ്‌റ്റി പ്ലസ് സ്‌കോര്‍ നേടിയിട്ടുള്ളത്. കോലി 126ഉം ബാബര്‍ 123ഉം മത്സരങ്ങളില്‍ നിന്നാണ് 39 ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടിയിട്ടുള്ളത്. രോഹിത് ശർമ ( 159 മത്സരങ്ങളിൽ നിന്ന് 37), മുഹമ്മദ് റിസ്വാൻ ( 102 മത്സരങ്ങളിൽ നിന്ന് 30), ഡേവിഡ് വാർണർ ( 110 മത്സരങ്ങളിൽ നിന്ന് 29) എന്നിവരാണ് പിന്നില്‍.
Also Read :സൂപ്പർ ലീഗ് കേരള: കൊച്ചി പൈപ്പേഴ്‌സിന്‍റെ സഹ ഉടമയായി സൂപ്പർതാരം പൃഥ്വിരാജ് - Prithviraj stake in Kochi Pipers FC