ദേര്‍ അല്‍-ബലാഹ്: പുതുവത്സര ദിനത്തിൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പലസ്‌തീനികൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ കൂടുതലും സ്‌ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ട്. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ഏകദേശം 15 മാസത്തോളമായി നീണ്ട യുദ്ധത്തിന് ഇതുവരെയും വിരാമമായിട്ടില്ല എന്ന് മാത്രമല്ല ഇസ്രയേൽ ആക്രമണം അനുദിനം കടുപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വടക്കൻ ഗാസയിലെ ജബലിയ പ്രദേശത്തെ ഒരു വീട്ടിൽ ഉൾപ്പെടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഒക്‌ടോബർ ആദ്യം മുതൽ ഇസ്രയേൽ പ്രധാന ലക്ഷ്യമായി കണക്കാക്കിയിരുന്ന മേഖലയാണ് ഇത്. നഗരത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും ആക്രമണത്തിൽ നശിച്ചിരുന്നു. അതിനിടെയാണ് വീണ്ടും ഇസ്രയേൽ മേഖല ലക്ഷ്യമിട്ട് കടുത്ത ആക്രമണം അഴിച്ചുവിട്ടത്. അതേസമയം മേഖലയിൽ ഒരു സ്‌ത്രീയും നാല് കുട്ടികളുമടക്കം ഏഴ് പേർ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മധ്യ ഗാസയിലെ ബിൽറ്റ്-അപ്പ് ബുറൈജ് അഭയാർത്ഥി ക്യാമ്പിൽ ഇന്നലെ (ജനുവരി 1) രാത്രിയോടെ നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു സ്‌ത്രീയും കുട്ടിയും കൊല്ലപ്പെട്ടതായി മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ അൽ-അഖ്‌സ ആശുപത്രി അറിയിച്ചു.
ബുറൈജ് മേഖലയിൽ നിന്ന് രാത്രിയിൽ തീവ്രവാദികൾ ഇസ്രയേലിന് നേരെ റോക്കറ്റ് തൊടുത്തുവിട്ടതായും അതിന് തിരിച്ചടിയായി മറ്റൊരു ആക്രമണത്തിലൂടെ സേന പ്രതികരിച്ചതായും ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്കൻ നഗരമായ ഖാൻ യൂനിസിൽ നടന്ന മൂന്നാമത്തെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി നാസർ ആശുപത്രിയും മൃതദേഹങ്ങൾ സ്വീകരിച്ച യൂറോപ്യൻ ആശുപത്രിയും വ്യക്തമാക്കി.
2023 ഒക്‌ടോബർ 7ന് ഹമാസിന്‍റെ നേതൃത്വത്തിലുള്ള തീവ്രവാദികൾ തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തി 1,200 ഓളം പേരെ കൊല്ലുകയും 250ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തതോടെയാണ് യുദ്ധം ആരംഭിച്ചത്. 100 ഓളം ഇസ്രയേൽ ബന്ദികൾ ഇപ്പോഴും ഹമാസിന്‍റെ തടവിലാണ്. അതിൽ വലിയൊരു ശതമാനം മരിച്ചതായും കരുതപ്പെടുന്നു. അതേസമയം ശേഷിക്കുന്ന ബന്ദികളെ ഉടൻ മോചിപ്പിക്കുകയും ഇസ്രയേലിന് നേരെ വെടിയുതിർക്കുന്നത് നിർത്തുകയും ചെയ്‌തില്ലെങ്കിൽ ഗാസ മുനമ്പ് ലക്ഷ്യമിട്ട് ഇനിയും അക്രമങ്ങൾ തുടരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.
ഇസ്രയേലിന്‍റെ വ്യോമ, കര ആക്രമണത്തിൽ ഇതുവരെ 45,000 പലസ്‌തീനികൾ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ പകുതിയിലധികം സ്‌ത്രീകളും കുട്ടികളുമാണെന്ന് പറയുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരിൽ എത്ര പേർ തീവ്രവാദികളാണെന്ന് പറയുന്നില്ല. അതേസമയം 17,000 തീവ്രവാദികളെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നു.
മരണസംഖ്യ കൂടാതെ യുദ്ധം വലിയ രീതിയിലുള്ള നാശ നഷ്‌ടങ്ങളാണ് മേഖലയിൽ സൃഷ്‌ടിച്ചിട്ടുണ്ട്. 2.3 ദശലക്ഷത്തോളം വരുന്ന ഗാസയിലെ ജനസംഖ്യയെ നിലവിലെ യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്. ഇതിൽ 90 ശതമാനത്തോളം പേർക്കും സ്വന്തം നാട് വിട്ട് മറ്റൊരു മേഖലയിലേക്ക് പലായനം ചെയ്യേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശൈത്യകാലത്ത് മഴക്കാറ്റ് വീശുകയും രാത്രിയിൽ താപനില 10 ഡിഗ്രി സെൽഷ്യസിൽ (50 ഡിഗ്രി ഫാരൻഹീറ്റ്) താഴുകയും ചെയ്യുന്നതിനാൽ ലക്ഷക്കണക്കിന് ആളുകളാണ് തീരത്ത് ടെന്‍റുകളിൽ താമസിക്കുന്നത്. മധ്യ ഗാസയിലെ പലസ്‌തീനികളും കുടിയൊഴിപ്പിക്കപ്പെട്ടവരും ഭക്ഷണത്തിനായി ചാരിറ്റി കിച്ചണുകളെയാണ് ആശ്രയിക്കുന്നത്. ചാരിറ്റി കിച്ചണുകൾക്ക് ആവശ്യമായ സാധനങ്ങൾ ലഭിക്കാത്തതിനാൽ അവയിൽ ചിലത് അടച്ചുപൂട്ടുന്നുവെന്ന് കുടിയിറക്കപ്പെട്ട ഉമ്മു അദം ഷഹീൻ പറഞ്ഞു. മറ്റ് ചാരിറ്റി കിച്ചണുകളിൽ കുറഞ്ഞ അളവിലാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഗാസയിലെ ബന്ദികളെ മോചിപ്പിക്കുന്നതിനും പ്രദേശത്തെ വെടിനിർത്തൽ സാധ്യമാക്കണമെന്നും അമേരിക്കൻ അറബ് മധ്യസ്ഥർ നിർദേശിച്ചെങ്കിലും അത് സാധ്യമായില്ല. "സമ്പൂർണ വിജയം" വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുക്കുമ്പോൾ ഹമാസ് ശാശ്വതമായ സന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേലിൽ നിന്ന് പലായനം ചെയ്‌തത് 82,000-ത്തിലധികം പേർ: 2024 ൽ 82,000ത്തിലധികം ഇസ്രയേലികൾ വിദേശത്തേക്ക് കുടിയേറിയിരുന്നു. 33,000 പേർ രാജ്യത്തേക്കും കുടിയേറിയെന്ന് ഇസ്രയേലിന്‍റെ സെൻട്രൽ ബ്യൂറോ ഓഫ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് പറഞ്ഞു. യുദ്ധത്തിൽനിന്ന് മാറിനിൽക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ഇസ്രയേലികളാണ് വിദേശത്തേക്ക് കുടിയേറിയത്. അതേസമയം 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 15,000 പേർ മാത്രമാണ് ഇസ്രയേലിലേക്ക് കുടിയേറിയത്.
വെസ്‌റ്റ് ബാങ്കിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തി: തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകളും സംപ്രേക്ഷണം ചെയ്‌തുവെന്ന് ആരോപിച്ച് ഇസ്രയേൽ അധിനിവേശ വെസ്‌റ്റ് ബാങ്കിൽ അൽ ജസീറയുടെ പ്രവർത്തനം പലസ്‌തീൻ അതോറിറ്റി താത്‌ക്കാലികമായി നിർത്തിവച്ചു. വെസ്‌റ്റ് ബാങ്കിൽ അൽ ജസീറ അടച്ചുപൂട്ടാൻ ഇസ്രയേൽ നേരത്തെ ഉത്തരവിട്ടിരുന്നുവെങ്കിലും ഉത്തരവ് കർശനമായി നടപ്പാക്കിയിരുന്നില്ല.