തിരുവനന്തപുരം : കേരളത്തിന്‍റെ പുതിയ ഗവര്‍ണര്‍ ആയി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന് രാവിലെ 10.30ന് രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്‍റെ 23-ാമത് ഗവര്‍ണര്‍ ആണ് അര്‍ലേക്കര്‍.
നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പിന്‍ഗാമിയായാണ് അര്‍ലേക്കര്‍ കേരളത്തിലെത്തുന്നത്. സത്യപ്രതിജ്ഞയ്‌ക്കായി അര്‍ലേക്കര്‍ ഇന്നലെയാണ് (ജനുവരി 1) സംസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്തെത്തിയ അര്‍ലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേരള നിയമസഭ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രിമാരായ കെ രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കാൻ രാജ്ഭവനിലെത്തി. വിശ്വനാഥ് അര്‍ലേക്കറുടെ ഭാര്യ അനഘ അർലേക്കറും ചടങ്ങിൽ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്‌ചയാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണര്‍ ആയി നിയമിച്ചത്. ഒപ്പം അർലേക്കറെ കേരള ഗവര്‍ണര്‍ ആയും നിയമിക്കുകയായിരുന്നു.
ബിഹാര്‍ ഗവര്‍ണറായിരിക്കെയാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണരായി കേന്ദ്രം മാറ്റി നിയമിച്ചത്. ആര്‍എസ്‌എസുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അർലേക്കർ ഗോവയിലെ ബിജെപി അധ്യക്ഷനായിരുന്നു. ഗോവ സ്‌പീക്കറായും മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ചുമതലയേറ്റ് രണ്ടാഴ്‌ചയ്ക്കകം നയപ്രഖ്യാപന പ്രസംഗം നടത്തുന്ന ഗവർണർ എന്ന പ്രത്യേകതയും രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനുണ്ട്. ജനുവരി 17 ന് പുതിയ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് അടുത്ത നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. സർക്കാരുമായി നിരന്തരമായി തർക്കത്തിലായിരുന്ന മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അതേ സമീപനം തന്നെ പുതിയ ഗവർണർ സ്വീകരിക്കുമോയെന്ന ആകാംക്ഷ നിലനിൽക്കെയാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപനം തയാറാക്കാനായി വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും ഏകോപനത്തിനുമുള്ള ചുമതല അഡിഷണൽ ചീഫ് സെക്രട്ടറി എ ജയ്‌തിലകിനാണ്
Also Read: ഗവർണർ സർക്കാർ പോരിൻ്റെ നാൾ വഴികൾ; ആരിഫ് മുഹമ്മദ് ഖാൻ മടങ്ങുമ്പോൾ