ന്യൂഡല്‍ഹി: പുതുവർഷത്തിൽ ഡൽഹിയിൽ പിടിമുറുക്കി കനത്ത മൂടൽമഞ്ഞ്. നഗരത്തിൽ പലയിടത്തും കാഴ്‌ച പരിധി പൂജ്യത്തിലേക്ക് ചുരുങ്ങി. ഡല്‍ഹിയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ താപനില എട്ട് ഡിഗ്രിയും ഉയര്‍ന്ന താപനില പതിനേഴ് ഡിഗ്രിയുമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഡല്‍ഹി വിമാനത്താവളത്തിൽ കാഴ്‌ച പരിധി പൂജ്യം മീറ്ററിലേക്ക് ചുരുങ്ങിയതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉത്തരേന്ത്യ കടുത്ത ശൈത്യത്തിന്‍റെ പിടിയിലമരുകയാണിപ്പോൾ. പുതുവര്‍ഷം പിറന്നതോടെ പല സംസ്ഥാനങ്ങളിലും താപനില വലിയ തോതില്‍ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഗ്വാളിയോര്‍, ആഗ്ര, അമൃത്‌സര്‍, പത്താന്‍കോട്ട് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കനത്ത മൂടല്‍മഞ്ഞാണ് അനുഭപ്പെടുന്നത്. വടക്ക് പടിഞ്ഞാറന്‍ മേഖല, മധ്യപൂര്‍വ മേഖല, വടക്ക് കിഴക്കന്‍ മേഖല, ആന്ധ്രാപ്രദേശിന്‍റെ തീരമേഖല എന്നിവിടങ്ങളിലെല്ലാം മൂടല്‍മഞ്ഞിന്‍റെ സാന്നിധ്യമുണ്ട്.
രാജ്യതലസ്ഥാനത്ത് ഇന്ന് രാവിലെ എട്ട് മണിക്ക് രേഖപ്പെടുത്തിയിട്ടുള്ള അന്തരീക്ഷ ഗുണനിലവാര സൂചിക 278 ആണ്. മോശം വിഭാഗത്തിലാണ് ഇത് വരുന്നതെന്നും വായുഗുണനിലവാര സൂചിക, കാലാവസ്ഥ മുന്നറിയിപ്പ്, ഗവേഷണ കേന്ദ്രം(സഫര്‍-SAFAR) പുറത്ത് വിട്ട രേഖകള്‍ സൂചിപ്പിക്കുന്നു.
പൂജ്യത്തിനും അന്‍പതിനുമിടയിലുള്ള വായുഗുണനിലവാര സൂചികയാണ് നല്ലത് എന്ന വിഭാഗത്തില്‍ വരുന്നത്. 51 മുതല്‍ 100 വരെയായാല്‍ തൃപ്‌തികരമെന്ന വിഭാഗമാണ്. 101 മുതല്‍ 200 വരെയുള്ള സൂചിക മിതമായ തോതില്‍ എന്ന വിഭാഗത്തില്‍ വരുന്നു. 201 മുതല്‍ 300 വരെയുള്ള സൂചിക മോശം, 301 മുതല്‍ 400 വരെ വളരെ മോശം, 401 മുതല്‍ 500 വരെയുള്ള സൂചിക കടുത്ത വിഭാഗങ്ങളിലാണ് വരുന്നത്.
ഭവനരഹിതര്‍ക്ക് അഭയമേകാനായി ഡല്‍ഹി നഗര താമസ ഇംപ്രൂവ്മെന്‍റ് ബോര്‍ഡ് (ഡിയുഎസ്‌ഐബി) 235 പഗോഡ ടെന്‍റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡൽഹിയുടെ വിവിധയിടങ്ങളില്‍ രാത്രി തങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എയിംസ്, ലോധി റോഡ്, നിസാമുദ്ദീന്‍ മേല്‍പ്പാലം എന്നിവിടങ്ങളിലാണ് ഇവയൊരുക്കിയിരിക്കുന്നത്.
ഇതിനിടെ ഇന്‍ഡിഗോ എയർലെയിന്‍സ് ശ്രീനഗറിലേക്കുള്ള യാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്‌ച മൂലം വിമാന സര്‍വീസുകള്‍ തടസപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Also Read: ചാറ്റൽ മഴ പെയ്‌തിട്ടും രക്ഷയില്ല, വായു നിലവാരം മാറ്റമില്ലാതെ തുടരുന്നു; ശ്വാസം മുട്ടി ഡൽഹി