ബെനോനി :അണ്ടര്‍ 19 ലോകകപ്പില്‍ (Under 19 World Cup 2024) ഇന്ത്യയ്‌ക്ക് 254 റണ്‍സിന്‍റെ വിജയ ലക്ഷ്യം കുറിച്ച് ഓസ്‌ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റിനാണ് 253 റണ്‍സ് നേടിയത് ( India vs Australia). 64 പന്തില്‍ 55 റണ്‍സ് നേടിയ ഹര്‍ജാസ് സിങ്ങാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി രാജ് ലിംബാനി (Raj Limbani ) മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
ആദ്യ ഓവറില്‍ ഒരു റണ്‍സ് നേടിയ ഓസീസ് നമൻ തിവാരി എറിഞ്ഞ രണ്ടാം ഓവറില്‍ 15 റണ്‍സടിച്ചുകൂട്ടി. തൊട്ടടുത്ത ഓവറില്‍ സാം കോൺസ്റ്റാസിനെ (8 പന്തില്‍ 0) ബൗള്‍ഡാക്കി രാജ് ലിംബാനി ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ഒന്നിച്ച ഹാരി ഡിക്‌സൺ- ഹഗ് വെയ്‌ബ്‌ജെൻ സഖ്യം നിലയുറപ്പിച്ച് കളിച്ച് ടീമിനെ മുന്നോട്ട് നയിച്ചു. തിവാരിയെ മാറ്റി നിര്‍ത്തി ലിംബാനിയേയും സ്പിന്നര്‍മാരെയും ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് ഇന്ത്യ പ്രതിരോധമൊരുക്കിയത്.
ഏറെ കരുതലോടെ കളിച്ച ഇരുവരും 78 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നമൻ തിവാരിയെ തിരിച്ചെത്തിച്ച ഇന്ത്യന്‍ തന്ത്രം ഫലം കണ്ടു. ആദ്യം ഓസീസ് ക്യാപ്റ്റന്‍ ഹഗ് വെയ്‌ബ്‌ജെനേയും (66 പന്തില്‍ 48) പിന്നാലെ ഹാരി ഡിക്‌സണേയും (56 പന്തില്‍ 42) നമന്‍ പവലിയനിലേക്ക് തിരികെ അയച്ചു. ഇതോടെ ഓസീസ് തകര്‍ച്ച മുന്നില്‍ കണ്ടുവെങ്കിലും ഹർജാസ് സിങ്ങും റയാൻ ഹിക്‌സും രക്ഷാപ്രവര്‍ത്തനം നടത്തി.