പാരിസ് : ഇത്തവണത്തെപാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ ഉറപ്പിക്കുന്ന മത്സര ഇനമാണ് ആര്‍ച്ചറി. റാങ്കിങ് റൗണ്ടിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യന്‍ പുരുഷ-വനിത ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതോടെ മെഡലിനടുത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഒരു മെഡലിലേക്ക് രണ്ടു ജയം മാത്രമകലെയാണ് ഇന്ത്യന്‍ പുരുഷ വനിതാ ടീമുകള്‍. പക്ഷേ ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കിടയിലും ചിലത് ചീഞ്ഞുനാറുന്നുണ്ട് ഇന്ത്യന്‍ ആര്‍ച്ചറിയില്‍.
ഇന്ത്യയുടെ കൊറിയന്‍ കോച്ച്:
ആര്‍ച്ചറിയില്‍ അപരാജിതരാണ് കൊറിയന്‍ ടീം. വിഖ്യാത പരിശീലകന്‍ ദക്ഷിണ കൊറിയയുടെ ബെയിക് വൂങ്ങ് കീയെ ലോകം അറിയുന്നത് ദക്ഷിണ കൊറിയന്‍ വനിത ടീമിനെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡലിലേക്ക് എത്തിച്ച കോച്ചെന്ന നിലയിലാണ്. അതേ ബെയിക് വൂങ്ങ് കീയെ ഇന്ത്യയിലെത്തിച്ച് പാരിസ് ഒളിമ്പിക്‌സിന് ഇന്ത്യന്‍ ആര്‍ച്ചറി ടീമിനെ ഒരുക്കാന്‍ വലിയ പ്രയത്നമാണ് ഇന്ത്യന്‍ കായിക മന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. പാരിസില്‍ അതിന്‍റെ ഫലം കണ്ടു തുടങ്ങിയിട്ടുമുണ്ട്.
പാരീസില്‍ വൂങ്ങ് കീ പുറത്ത് :
പക്ഷേ പാരിസിലെ ഇന്‍വാലിഡെസ് ആര്‍ച്ചറി ഫീല്‍ഡില്‍ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ബെയിക് വൂങ്ങ് കീ ഇല്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതും പാരിസ് ഒളിമ്പിക്‌സിന് ഒരുക്കുന്നതും ബെയിക് വൂങ്ങ് കീ ആണ്. ഓഗസ്റ്റ് 30വരെ കോച്ചായി കരാര്‍ കാലാവധിയുമുണ്ട്. പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മാര്‍സെയ്ല്‍സില്‍ അവസാന നിമിഷം വരെ പരിശീലകനായി അദ്ദേഹം ഉണ്ടായിരുന്നു. പക്ഷേ ടീമിനൊപ്പം പാരിസിലെത്തിയ അദ്ദേഹത്തിന് അക്രഡിറ്റേഷനില്ലാത്തതിനാല്‍ ഗെയിംസ് വില്ലേജില്‍ കടക്കാനായില്ല. മുറിവേറ്റ മനസുമായി സോനിപതിലെ സായി പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.
പരസ്പരം പഴി ചാരി അസോസിയേഷനുകള്‍:
സംഭവത്തെക്കുറിച്ച് ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ട്രഷറര്‍ ഡോ.ജോറിസ് പൗലോസ് പറയുന്നത് ഇങ്ങിനെയാണ്." പാരീസ് ഒളിമ്പിക്സിന് ആര്‍ച്ചറിയില്‍ നിന്ന് 3 കോച്ചുമാരേയും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും പാസ് അനുവദിക്കണമെന്നായിരുന്നു ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്. കൊറിയന്‍ ചീഫ് കോച്ചിനു പുറമേ പുരുഷ വനിതാ ടീമുകളുടെ സഹ പരിശീലകരേയും ഗെയിംസ് വില്ലേജിലും മെന്‍റല്‍ ട്രെയ്നറേയും ഫിസിയോ തെറാപ്പിസ്റ്റിനേയും പുറത്തും താമസിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് ഇക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നതാണ്. എന്നാല്‍ ജൂലൈ 17 ന് ഉത്തരവിറങ്ങിയപ്പോള്‍ രണ്ട് ഇന്ത്യന്‍ കോച്ചുമാര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. ആര്‍ച്ചറി ഫീല്‍ഡിലേക്ക് അനുമതി നല്‍കാതെ ബെയിക് വൂങ്ങ് കീ യെ വില്ലേജിന് പുറത്തു താമസിപ്പിക്കുന്നതില്‍ കാര്യമില്ലെന്ന് മനസ്സിലാക്കിയാണ് അദ്ദേഹത്തെ പാരീസില്‍ നിന്ന് തിരിച്ചയച്ചത്"
താരങ്ങളുടെ മനോവീര്യം ഉയര്‍ത്തുന്നതിന് കോച്ചുമാരുടേയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റേയും സാന്നിധ്യം ഉപകരിക്കുമെന്നും വേള്‍ഡ് ആര്‍ച്ചറി അസോസിയേഷന്‍ ജഡ്‌ജ് കൂടിയായ ഡോ. ജോറിസ് പറഞ്ഞു. "ലോക ആര്‍ച്ചറി അസോസിയേഷന്‍റെ ചട്ടമനുുസരിച്ച് ഓരോ താരത്തിനും പുറകില്‍ ഓരോ കോച്ചിനെ അനുവദിക്കും. പാരീസില്‍ റാങ്കിങ്ങ് റൗണ്ടിലെ ഇന്ത്യന്‍ താരങ്ങളുടെ ആദ്യ ഷോട്ടുകള്‍ മികച്ചതായിരുന്നില്ല. ഫീല്‍ഡില്‍ താരങ്ങള്‍ക്ക് പുറകില്‍ കോച്ചുമാരുണ്ടെങ്കില്‍ അവര്‍ക്ക് മനോബലം കൂടുമായിരുന്നു. അതിന് കൂടുതല്‍ കോച്ചുമാര്‍ക്ക് പാസ് ലഭ്യമാക്കാനാണ് ശ്രമിച്ചത്."
ബെയിക് വൂങ്ങ് കിക്ക് പാരിസ് ഒളിമ്പിക്‌സിനുള്ള അക്രഡിറ്റേഷന്‍ ലഭിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്‍ ആണയിടുന്നുണ്ട്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അനുമതി ലഭിക്കാത്തതാണ് പ്രശ്‌നമെന്നാണ് ആര്‍ച്ചറി അസോസിയേഷന്‍റെ വാദം. അക്രഡിറ്റേഷന്‍ നടപടികള്‍ യഥാസമയം ആര്‍ച്ചറി അസോസിയേഷന്‍ പൂര്‍ത്തിയാക്കാത്തതാണ് പ്രശ്‌നമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും പറയുന്നു. ആരാണ് ഉത്തരവാദികള്‍ എന്നറിയില്ലെങ്കിലും ഒന്നുറപ്പാണ്, ചരിത്ര നേട്ടങ്ങളിലേക്ക് അമ്പെയ്യുന്ന ഇന്ത്യന്‍ ആര്‍ച്ചറി ടീമിനൊപ്പം കൊറിയന്‍ കോച്ച് ബെയിക് വൂങ്ങ് കീ പാരിസിലില്ല.