ന്യൂഡൽഹി: ഡൽഹിയിലെ പുതിയ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ (എൻഡിഎ) ശക്തിപ്രകടനമാക്കി മാറ്റാനൊരുങ്ങുകയാണ് പാർട്ടി. എൻഡിഎയിലെ എല്ലാ പാർട്ടികളുടെയും നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. പുതിയ ഡൽഹി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുമ്പോൾ വേദിയിൽ പ്രമുഖരായ എല്ലാ എൻഡിഎ നേതാക്കളുമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 20 ന് വൈകിട്ട് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാജ്യ തലസ്ഥാനത്ത് ബിജെപി നേതാക്കളുടെ യോഗം നടന്നതായി വൃത്തങ്ങൾ അറിയിച്ചു. ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പാർട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 48 എണ്ണം നേടിയാണ് 27 വർഷത്തിന് ശേഷം ബിജെപി അധികാരത്തിലെത്തിയത്. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൽഹി മുഖ്യമന്ത്രിയാകാൻ എട്ട് ബിജെപി എംഎൽഎമാർ രംഗത്തുണ്ടെന്നും അവരിൽ ന്യൂഡൽഹി സീറ്റിൽ നിന്ന് കെജ്‌രിവാളിനെ പരാജയപ്പെടുത്തി ഉയർന്നുവന്ന പർവേഷ് വർമ്മയും ഉൾപ്പെടുന്നതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഡൽഹി ബിജെപി മുൻ മേധാവി വിജേന്ദർ ഗുപ്‌ത, സതീഷ് ഉപാധ്യായ എന്നിവരാണ് മറ്റ് പേരുകൾ.
പർവേഷ് വർമ്മ ജാട്ട് സമുദായത്തിൽ പെട്ടയാളായതിനാൽ അദ്ദേഹത്തിന് ഒരു പ്രഥമ പരിഗണനയുള്ളതായി കണക്കാക്കപ്പെടുന്നു. പവൻ ശർമ്മ, ആശിഷ് സൂദ്, രേഖ ഗുപ്‌ത, ശിഖ റായ് എന്നിവരാണ് മുഖ്യമന്ത്രി പദവിക്കുവേണ്ടി രംഗത്തുള്ള മറ്റ് എംഎൽഎമാർ.
ഫെബ്രുവരി 17 ന് ബിജെപി നിയമസഭ കക്ഷി യോഗം വിളിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കി. ഫെബ്രുവരി 19 ന് ആകും ഈ യോഗം ചേരുക. ഡൽഹിയിലെ കേന്ദ്ര നിരീക്ഷകരായി തരുൺ ചുഗിനെയും വിനോദ് തവ്‌ഡെയെയും ബിജെപി നിയമിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സർക്കാർ പ്രവർത്തനം ആരംഭിച്ചതിനുശേഷം പാർട്ടിയിൽ കലാപം ഉണ്ടാകാതിരിക്കാൻ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ സമവായത്തിലെത്താൻ രണ്ട് കേന്ദ്ര നിരീക്ഷകരോടും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സത്യപ്രതിജ്ഞാ ചടങ്ങ് 20 ന് വൈകുന്നേരം 4.30 ന് നടക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നദ്ദ, എൻഡിഎ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് എൻഡിഎ യോഗം നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
2025 അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലെ വോട്ടർമാർക്കുള്ള സന്ദേശമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, എൽജെപി (റാംവിലാസ്) പ്രസിഡന്‍റായ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ തുടങ്ങിയ നേതാക്കളെ വേദിയിലെത്തിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബിജെപിയുടെ അടുത്ത ലക്ഷ്യം ബിഹാറാണെന്ന് വൃത്തങ്ങൾ പറയുന്നു. ബിഹാർ ബിജെപി ഘടകത്തെ സംബന്ധിച്ച് അത് എളുപ്പമുള്ള കാര്യമല്ല, അതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിലൂടെ എൻഡിഎയിലെ പാർട്ടികൾ ഐക്യത്തിലാണെന്ന സന്ദേശം പ്രതിപക്ഷത്തിന് നൽകാൻ ബിജെപി ആഗ്രഹിക്കുന്നതായും വൃത്തങ്ങൾ സൂചന നൽകുന്നു.
കർഷകർ, ബിജെപി പ്രവർത്തകർ, ലാഡ്‌ലി ബെഹെന പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർ ഡൽഹിയിലെ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ഭാഗമാകും എന്നാണ് വിവരം. ചടങ്ങിൽ 30,000 പേർക്ക് പങ്കെടുക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.