തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജിലെ ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസ് റാഗിങ് നേരിട്ടതായി കണ്ടെത്തി. കോളജിലെ ആൻ്റി റാഗിങ് കമ്മിറ്റിയാണ് അന്വേഷണം നടത്തി റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. സംഭവത്തിൽ ബിൻസ് ജോസ് കോളജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസിലും പരാതി നൽകിയിരുന്നു. തുടർന്നാണ് ആൻ്റി റാഗിങ് കമ്മിറ്റി അന്വേഷണം നടത്തിയത്.
മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ ഏഴോളം പേർക്കെതിരെയാണ് പരാതി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയർ ജൂനിയർ വിദ്യാർഥികൾ തമ്മിൽ അടിപിടി നടന്നിരുന്നു. ബിൻസ് ജോസിൻ്റെ സുഹൃത്തായ അഭിഷേകിന് സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. ഇരുകൂട്ടരുടെയും പരാതിയിൽ അന്ന് കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു.
അഭിഷേകിനെ അന്വേഷിച്ചെത്തിയ ഇവർ ബിൻസിനെ പിടിച്ച് കൊണ്ട് യൂണിയൻ റൂമിൽ കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ചതായിട്ടാണ് പരാതി. ഷർട്ട് വലിച്ച് കീറി മുട്ടുകാലിൽ നിർത്തി മുതുകിലും ചെകിട്ടത്തും അടിച്ചു. തറയിൽ വീണ ബിൻസിനെ വീണ്ടും മർദ്ദിച്ചു. വെള്ളം ചോദിച്ചപ്പോൾ തുപ്പിയ ശേഷം കുപ്പിവെള്ളം നൽകിയതായും ബിൻസ് പറയുന്നു. തുടർന്നാണ് ബിൻസ് കഴക്കൂട്ടം പൊലീസിലും പ്രിൻസിപ്പലിനും പരാതി നൽകിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സീനിയർ വിദ്യാർഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ തുടങ്ങി ഏഴ് പേരാണ് റാഗിങ് നടത്തിയതെന്നാണ് പരാതി. കമ്മിറ്റിയുടെ കണ്ടെത്തലിൽ പ്രിൻസിപ്പൽ ഇന്നലെ കഴക്കൂട്ടം പൊലീസിന് റിപ്പോർട്ട് നൽകി. പ്രിൻസിപ്പലിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റാഗിങ്ങിൽ ഏഴ് വിദ്യാർഥികൾക്കെതിരെ കേസെടുത്തെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.
Also Read: കോട്ടയം റാഗിങ് കേസ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ പഠനം വിലക്കും