ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് 2025ല്‍ പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കും. എട്ട് ടീമുകളാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. എന്നാല്‍ ചാമ്പ്യൻസ് ട്രോഫിയുടെ 9-ാം പതിപ്പിൽ പല വമ്പൻ ടീമുകള്‍ക്കും യോഗ്യത നേടാനാകാത്തത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. മുന്‍ ലോക ചാമ്പ്യന്‍മാരായ വെസ്റ്റ് ഇൻഡീസിന് ടൂർണമെന്‍റ് നഷ്‌ടമാകും. 1975ലെയും 1979ലെയും ഏകദിന ലോകകപ്പ് ജേതാവും രണ്ട് തവണ ടി20 ലോക ചാമ്പ്യനുമായ വെസ്റ്റ് ഇൻഡീസ് ടീം 2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി. 2004ൽ ചാമ്പ്യൻസ് ട്രോഫി കരീബിയൻ ടീം കീഴടക്കിയിരുന്നു. എന്നാൽ 2025 എഡിഷനിൽ കരീബിയൻ മാജിക് കാണാൻ കഴിയില്ല.
2002 ചാമ്പ്യൻസ് ട്രോഫി പതിപ്പിൽ ഇന്ത്യയ്‌ക്കൊപ്പം സംയുക്ത ജേതാവായ ശ്രീലങ്കയും 2025 പതിപ്പില്‍ നിന്ന് പുറത്തായി. യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ടീം 1996ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സ്കോട്ട്‌ലൻഡ്, നെതർലൻഡ്‌സ്, അയർലൻഡ്, സിംബാബ്‌വെ എന്നീ ടീമുകളും ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാനായില്ല.
2025 എഡിഷനിലേക്കുള്ള യോഗ്യത 2023 ലോകകപ്പിലെ പ്രകടനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച 2023 ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ ടീം പോയിന്‍റ് പട്ടികയിൽ ടോപ്പ് 8ൽ തുടരാൻ കഴിഞ്ഞില്ല. പുറമെ വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, സ്കോട്ട്ലൻഡ്, സിംബാബ്‌വെ ടീമുകൾക്കും ലോകകപ്പിന് യോഗ്യത നേടാനായില്ല. ഇതോടെ ഈ ടീമുകൾക്കെല്ലാം 2025ലെ ചാമ്പ്യൻസ് ട്രോഫി നഷ്‌ടമായി. 2023 ഏകദിന ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ നിരവധി വമ്പൻ ടീമുകളെ അമ്പരപ്പിച്ച അഫ്‌ഗാസ്ഥാൻ ആദ്യമായി ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടി.