ഒരു നൂറ്റാണ്ടിന് ശേഷം ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് നഗരമായ പാരിസ്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ ലോകം പാരിസ് എന്ന മഹാനഗരത്തിലേക്ക് ചുരുങ്ങും. 11 ദിനരാത്രങ്ങളില്‍ നൂറുകണക്കിന് കായിക ഇനങ്ങളിലായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രതിഭകള്‍ മാറ്റുരയ്‌ക്കും.
ചിലര്‍ക്ക് ഒളിമ്പിക്‌സില്‍ ഇത് അരങ്ങേറ്റമായിരിക്കാം. മറ്റ് ചിലര്‍ക്കാകട്ടെ ഒളിമ്പിക്‌സില്‍ ഇത് തങ്ങളുടെയും ആ മത്സരയിനത്തിലേയും റെക്കോഡുകള്‍ തിരുത്തിയെഴുതാനുള്ള അവസരവും. അങ്ങനെയൊരു ലക്ഷ്യവുമായി ഇത്തവണ പാരിസിലേക്ക് വണ്ടി കയറുന്ന ചിലരെ നമുക്ക് പരിചയപ്പെടാം.
കെവിൻ ഡ്യുറാന്‍റ്:പാരിസ് ഒളിമ്പിക്‌സിലെ ബാസ്‌കറ്റ് ബോളില്‍ അമേരിക്ക സ്വര്‍ണം നേടിയാല്‍ അവരുടെ സൂപ്പര്‍ താരം കെവിൻ ഡ്യുറാന്‍റിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ഓഗസ്റ്റ് 10ന് നടക്കുന്ന കലാശക്കളിയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും സ്വര്‍ണം യുഎസ്‌എ ടീം അടിച്ചെടുത്താല്‍ ഏതെങ്കിലും ഒരു ടീം ഇനത്തില്‍ നാല് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ താരമായി കെവിൻ ഡ്യൂറാന്‍റിന് മാറാം.
നിക്കോള കരബാറ്റിച്ച്:ടീം വിഭാഗത്തില്‍ നാല് സ്വര്‍ണം എന്ന നേട്ടത്തിലേക്ക് ആദ്യം എത്താൻ കെവിൻ ഡ്യുറാന്‍റിനായില്ലെങ്കില്‍ പിന്നീട് ഈ നേട്ടം സ്വന്തമാക്കാൻ അവസരമുള്ളത് ഫ്രാൻസിന്‍റെ ഹാൻഡ്ബോള്‍ താരം നിക്കോള കരബാറ്റിച്ചിനാണ്. കഴിഞ്ഞ അഞ്ച് ഒളിമ്പിക്‌സുകളിലും ഫ്രഞ്ച് പടയെ ഹാൻഡ്ബോളില്‍ പ്രതിനിധീകരിച്ച താരം 2008, 2012, 2020 വര്‍ഷങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. ഇത്തവണയും ഗോള്‍ഡ് മെഡല്‍ നേട്ടം ആവര്‍ത്തിക്കാനായാല്‍ 40കാരനായ താരത്തിന് കരിയറില്‍ ലഭിക്കുന്ന ഏറ്റവും മികച്ച യാത്രയയപ്പ് ആയിരിക്കും അത്.
ജിമെര്‍ ഫ്രെഡെറ്റ്:പാരിസ് ഒളിമ്പിക്‌സില്‍ അമേരിക്കയുടെ 3x3 ബാസ്ക്കറ്റ് ബോള്‍ താരമാണ് ജിമെര്‍ ഫ്രെഡെറ്റ്. പാരിസില്‍ ഫ്രെഡെറ്റിനെ കാത്തിരിക്കുന്നത് ഈ വിഭാഗത്തില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന എൻബിഎ താരമെന്ന റെക്കോഡ് ആണ്. ജൂലൈ 30നാണ് 3x3 ബാസ്ക്കറ്റ് ബോള്‍ വിഭാഗത്തിലെ ആദ്യ മത്സരം.