കണ്ണൂർ: പാതിവില തട്ടിപ്പിനിരയായവർ കണ്ണൂർ കമ്മീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. കണ്ണൂര്‍ ജില്ലയിൽ മാത്രം പാതിവില തട്ടിപ്പിൽ ഗുണഭോക്താക്കള്‍ക്ക് സീഡ് സൊസൈറ്റി നല്‍കേണ്ടത് 14.86 കോടി രൂപയാണ്. ഇതിൽ പ്രതിഷേധിച്ചാണ് തട്ടിപ്പിനിരയായവർ മാർച്ച് നടത്തിയത്.
ഇതില്‍ 12 കോടിയോളം രൂപ സ്‌കൂട്ടര്‍ ബുക്ക് ചെയ്‌തവരുടേതാണ്. 2026 പേരാണ് സ്‌കൂട്ടറിന് വേണ്ടി പണം അടച്ചത്. 10,000-ലേറെ പേർ ജില്ലയിൽ സീഡ് സൊസൈറ്റിയിൽ അംഗങ്ങളാണ്. സീഡ് സൊസൈറ്റി തന്നെയാണ് കണക്കുകൾ പുറത്തുവിട്ടത്. കണ്ണൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രണ്ടായിരത്തിലേറെ പേരാണ് പരാതി നൽകിയിട്ടുള്ളത് എന്നും പരാതിക്കാർ പറയുന്നു.
എന്നാൽ അതിലും അധികം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പലരും പരാതി നൽകാൻ തയ്യാറായിട്ടില്ല. പൊലീസ് സൊസൈറ്റിയേയും തട്ടിപ്പുകാർ ഉപയോഗപ്പെടുത്തിട്ടുണ്ട് എന്നതാണ് മറ്റൊരു കൗതുകം. വിദ്യാർഥികൾക്കുള്ള കിറ്റുകൾ വിതരണം ചെയ്‌തത് സൊസൈറ്റി മുഖേനയാണ്. സാധാരണക്കാർക്ക് പദ്ധതിയിൽ വിശ്വാസം ഉറപ്പിക്കാൻ പൊലീസ് സൊസൈറ്റി വഴിയുള്ള കിറ്റ് വിതരണവും കാരണമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശ്രീകണ്‌ഠാപുരം സ്വദേശി സുശീലയ്‌ക്ക് 60,000 രൂപയാണ് നഷ്‌ടപെട്ടത്. ആദ്യഘട്ടത്തിൽ തയ്യൽ മെഷീനും ഓണക്കിറ്റും കിട്ടി. ഇതോടെയാണ് ഇരുചക്ര വാഹനത്തിന് വേണ്ടി 60,000 രൂപ പണമായി അടച്ചത്. ഒന്നു തീരുമ്പോൾ മറ്റൊന്ന് എന്ന രീതിയിലാണ് പ്രമോട്ടർമാർ പണം സ്വരൂപിച്ചത് എന്ന് സുശീല പറയുന്നു. നാല് മാസം കൊണ്ട് ഇരുചക്ര വാഹനം കിട്ടുമെന്നായിരുന്നു പ്രമോട്ടർമാർ നൽകിയ വാഗ്‌ദാനം.
എന്നാൽ നാല് മാസം കഴിഞ്ഞ് കിട്ടാതായതോടെ ടോക്കൺ കിട്ടി. 100 ദിവസത്തിനുള്ളിൽ കിട്ടും എന്നായിരുന്നു പിന്നീട് പ്രൊമോട്ടർമാർ അറിയിച്ചത്. പക്ഷേ 100 ദിവസത്തിന് ശേഷവും കിട്ടാതായതോടെയാണ് പരാതിയുമായി പലരും രംഗത്തിയത്. സുശീലയുടെ വാർഡിൽ തന്നെ 10 ഓളം പേർക്കാണ് പണം നഷ്‌ടപ്പെട്ടത്.
ഇത്രയൊക്കെ പരാതികൾ ഉയർന്നിട്ടും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് സുശീല പറയുന്നു. ജില്ലയിൽ മാത്രം 5,000ത്തിലേറെ പേർ തട്ടിപ്പിന് ഇരയായപ്പോൾ 2,100 പേരാണ് പൊലീസിൽ പരാതി നൽകിയത്. പ്രമോട്ടർമാരുടെ പ്ലക്ക്‌കാർഡ് ഉയർത്തിയാണ് പ്രതിഷേധക്കാർ മാർച്ച് നടത്തിയത്.