ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന്‍റെ ഒന്‍പതാമത് മുഖ്യമന്ത്രിയായി ബിജെപിയില്‍ നിന്നുള്ള രേഖ ഗുപ്‌ത സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി. കെ. സക്‌സേന സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദൈവ നാമത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് എബിവിപിയുടെ മുന്‍ നേതാവായ രേഖ. ബിജെപിയുടെ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയാണ് രേഖ. ഡല്‍ഹിയിലെ ബിജെപിയുടെ ശക്തമായ വോട്ട് ബാങ്കായ ബനിയ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് രേഖ.
ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് സാഹിബ് സിങ് രേഖയ്ക്ക് പിന്നാലെ രണ്ടാമത് മന്ത്രിയായി ചുമതലയേറ്റു.
ആശിഷ് സൂദ്, പങ്കജ് സിങ്, മന്‍ജീന്ദര്‍ സിങ് സിര്‍സ, കപില്‍മിശ്ര, രവീന്ദര്‍ ഇന്ദ്രജ് എന്നിവരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. 27 കൊല്ലത്തിന് ശേഷമാണ് ബിജെപി രാജ്യതലസ്ഥാനത്ത് ഭരണത്തിലെത്തുന്നത്. ഡല്‍ഹിയില്‍ ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇതുവരെ പാര്‍ട്ടി യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല.
ഡല്‍ഹിയെ പുത്തന്‍ ഉയരങ്ങളിലെത്തിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി രേഖ ഗുപ്‌ത പ്രതികരിച്ചു. ദേശീയതലസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പുതിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി ശ്രമം തുടരുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രിക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ഗോവ മുഖ്യമന്ത്രി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി തുടങ്ങിയ ഉന്നതര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്‌നാഥ് സിങ്, ഹർദീപ് സിങ് പുരി തുടങ്ങിയ കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളും ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) അംഗങ്ങളും ചടങ്ങിൽ പ്രധാനികളായി.
ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയിലെ പുതിയ മുഖ്യമന്ത്രിക്ക് എക്‌സിലൂടെ ആശംസകള്‍ നേര്‍ന്നു. ഡല്‍ഹിയിലെ ജനതയ്ക്ക് നല്‍കിയ മുഴുവന്‍ വാഗ്‌ദാനങ്ങളും പാലിക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും കെജ്‌രിവാള്‍ കുറിച്ചു.
മനീഷ് ഗുപ്‌ത എന്ന വ്യവസായി ആണ് രേഖയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. മകള്‍ ഓസ്ട്രേലിയയിലാണ് ജീവിക്കുന്നത്. മകന്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിയാണ്. വസുന്ധര രാജെ സിന്ധ്യയാണ് ബിജെപിയില്‍ നിന്നുള്ള രാജ്യത്തെ അവസാന വനിതാ മുഖ്യമന്ത്രി. രാജസ്ഥാനില്‍ രണ്ട് തവണയാണ് അവര്‍ മുഖ്യമന്ത്രിപദം അലങ്കരിച്ചത്. 2003 -2008 വരെയും 2013 മുതല്‍ 2018 വരെയുമാണ് അവര്‍ രാജസ്ഥാനില്‍ മുഖ്യമന്ത്രിയായിരുന്നത്.