ഭുവനേശ്വര്‍: നേപ്പാളി വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് ഒഡിഷയിലെ ഭുവനേശ്വറില്‍ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ കനത്ത പ്രതിഷേധം. ഇതേ സര്‍വകലാശാലയിലെ തന്നെ നേരത്തെ പ്രണയത്തിലായിരുന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് മാനസിക പീഡനമുണ്ടായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് ആരോപണം.
കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്‌ട്രിയല്‍ ടെക്‌നോളജി(കെഐഐടി)യിലെ നേപ്പാളില്‍ നിന്നുള്ള മൂന്നാം വര്‍ഷ ബിെടക് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചു. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. കുറ്റാരോപിതനായ വിദ്യാര്‍ത്ഥിക്കെതിരെ അടിയന്തര നടപടി കൈക്കൊള്ളണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ ബന്ധുവായ സിദ്ധാന്ത് സിഗാദെല്‍ ഇന്‍ഫോസിറ്റി പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും മുറി സീല്‍ ചെയ്യുകയും ചെയ്‌തു. പെണ്‍കുട്ടിയുടെ ലാപ്ടോപും മൊബൈല്‍ ഫോണും പൊലീസ് പരിശോധനകള്‍ക്കായി ശേഖരിച്ചിട്ടുണ്ട്.
നേപ്പാളില്‍ നിന്നുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉടനടി കാമ്പസ് വിട്ടു പോകണമെന്ന് സര്‍വകലാശാല അധികൃതര്‍ ഉത്തരവിട്ടതോടെ സംഘര്‍ഷം രൂക്ഷമായി. കുട്ടികള്‍ കാമ്പസ് വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് കെഐഐടി രജിസ്‌ട്രാറുടെ ഓഫീസിന് മുന്നില്‍ നോട്ടീസ് പതിച്ചിട്ടുമുണ്ട്. നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനിശ്ചിതകാലത്തേക്ക് ക്ലാസുണ്ടാകില്ല. അത് കൊണ്ട് ഇന്ന് തന്നെ ഇവരെല്ലാവരും കാമ്പസ് വിട്ടു പോകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
എല്ലാവരും സാധനങ്ങളുമെടുത്ത് കാമ്പസ് വിട്ടു പോകണം
കുട്ടികള്‍ പ്രതിഷേധവുമായി കാമ്പസില്‍ തുടര്‍ന്നാല്‍ അവരെ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നാണ് അധികൃതരുടെ നിലപാട്. ഇവരുടെ യാത്രയ്ക്കോ താമസത്തിനോ ഉള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ തന്നെ ഇവരെ സ്വന്തം വീടുകളിലേക്ക് അയക്കും. നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ബസുകളില്‍ റെയില്‍വേസ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലുമെത്തിച്ചു.
തന്നെ മുന്‍കാമുകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പെണ്‍കുട്ടി ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ഓഫീസിനെ സമീപിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടികളും കൈക്കൊണ്ടില്ല. തുടര്‍ന്ന് അവള്‍ ജീവനൊടുക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഹിമാന്‍ശു യാദവ് പറഞ്ഞു.
അവള്‍ തങ്ങളുടെ സഹോദരിയെ പോലെ ആയിരുന്നു. അവള്‍ക്ക് നീതി കിട്ടാന്‍ തങ്ങള്‍ ധര്‍ണ ഇരിക്കുകയാണ്. എന്നാല്‍ ഒരു മണിക്കൂറിനകം സാധനങ്ങളെടുത്ത് സ്ഥലം വിടണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച പെണ്‍കുട്ടിക്ക് വേണ്ടിയാണ് തങ്ങളുടെ പ്രക്ഷോഭം. എന്താണ് ഇവരുടെ ഉദ്ദേശ്യമെന്നറിയില്ല. എന്നാല്‍ തങ്ങളെ ബലം പ്രയോഗിച്ച് ഹോസ്റ്റലില്‍ നിന്ന് ഒഴിപ്പിച്ചിരിക്കുന്നു. ട്രെയിനുകളൊന്നുമില്ല, കയ്യില്‍ പൈസയുമില്ലെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയായ രാജന്‍ ഗുപ്‌ത പറഞ്ഞു. തങ്ങള്‍ ഭക്ഷണം പോലും കഴിച്ചിട്ടില്ല. നേപ്പാളില്‍ നിന്നുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്‌തെന്ന് അറിയിച്ച് കൊണ്ടുള്ള ഒരു നോട്ടീസ് തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ എത്രയും പെട്ടെന്ന് ഹോസ്റ്റല്‍ വിടണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ജീവനക്കാരെത്തി തങ്ങളെ ബലം പ്രയോഗിച്ച് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. പെട്ടെന്ന് പോകാന്‍ കൂട്ടാക്കാത്തവരെ മര്‍ദ്ദിക്കുന്ന സ്ഥിതിയുമുണ്ടായി.
ഇത്തരം മനുഷ്യത്വ രഹിത സംഭവങ്ങള്‍ അനുവദിക്കില്ലെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഒഡിഷ എബിവിപി യൂണിറ്റിന്‍റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ ഉടന്‍ മറുപടി പറയണമെന്നും എബിവിപി ആവശ്യപ്പെട്ടു.
കെഐഐടിയില്‍ നേപ്പാളില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി മരിച്ച വാര്‍ത്തയും അതേ തുടര്‍ന്ന് നേപ്പാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട അപമാനവും ശ്രദ്ധയില്‍ പെട്ടതായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. സര്‍ക്കാര്‍ നയതന്ത്ര ചാനലുകള്‍ വഴി സംഭവം പരിശോധിച്ച് വരികയാണ്.

സംഭവത്തില്‍ കേസെടുത്തതായി ഭുവനേശ്വര്‍ ഡിസിപി പിനാക് മിശ്ര വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ നിയമം കയ്യിലെടുക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കുറ്റാരോപിതനായ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിന്‍റെ പിന്നിലെ കാരണത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും വിഷയം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ഹോസ്റ്റലിലെ അന്തേവാസികള്‍ ഫെബ്രുവരി പതിനെട്ട് വരെ പുറത്ത് പോകരുതെന്ന് നിര്‍ദ്ദേശിച്ച് കൊണ്ട് ഒരു നോട്ടീസ് കൂടി ഹോസ്റ്റല്‍ അധികൃതര്‍ പുറത്ത് വിട്ടു
പെണ്‍കുട്ടി ആത്മത്യ ചെയ്‌തെന്ന് സര്‍വകലാശാല അധികൃതര്‍ സ്ഥിരീകരിച്ചു.