ന്യൂഡല്‍ഹി:പാകിസ്ഥാൻ ക്രിക്കറ്റ് ടീം സമീപകാലത്ത് ഒരുപാട് തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ സ്വന്തം തട്ടകത്തിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ 2-0ന് തോറ്റതിന് ശേഷം പാക് പടം ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റ്റിലും നാണക്കേടിലേക്ക് വീണിരുന്നു. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് പാകിസ്ഥാന്.
രാഷ്ട്രീയ ഇടപെടൽ
പാകിസ്ഥാൻ ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടൽ വർധിച്ചു. രാഷ്ട്രീയക്കാരും സൈനികരും ചേർന്ന് ടീം സെലക്ഷനിലും കോച്ചിങ് മാറ്റങ്ങളിലും ഗെയിം തന്ത്രങ്ങളിലും ഇടപെടാന്‍ തുടങ്ങി. ഇത് ടീമിൽ അസ്ഥിരതയുണ്ടാക്കി. കൂടാതെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇടയ്ക്കിടെ ചെയർമാന്മാരെ മാറ്റുന്നതും കാരണമാകുന്നു. മറുവശത്ത്, മെറിറ്റിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ തലത്തിൽ പാകിസ്ഥാൻ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ആഭ്യന്തര ലീഗുകളുടെ അഭാവം
പാകിസ്ഥാനിൽ ആഭ്യന്തര ക്രിക്കറ്റിന് അത്ര പ്രചാരമില്ല. മറ്റ് രാജ്യങ്ങളിലെ പോലെ ആഭ്യന്തര ക്രിക്കറ്റിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പാക്കിസ്ഥാന്റെ യുവ താരങ്ങൾക്ക് അവസരമില്ല. യുവതാരങ്ങളുടെ പ്രതിഭ പുറത്ത് വരാത്തതും പാക് ടീമിന്റെ പരാജയത്തിന് കാരണമായേക്കാമെന്ന് നിരീക്ഷകർ പറയുന്നു.