കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ 20 വയസുള്ള മെഡിക്കൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കമർഹട്ടി ഇഎസ്‌ഐ ക്വാർട്ടേഴ്‌സിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബാരക്‌പൂര്‍ പൊലീസ് കമ്മിഷണറേറ്റ് ഡിസി (നോർത്ത്) ഗണേഷ് ബിശ്വാസ് പറഞ്ഞു.
ആർജി കർ മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് മരിച്ചത്. ഇഎസ്‌ഐ ആശുപത്രിയിൽ ഡോക്‌ടറായി ജോലി ചെയ്യുന്ന തന്‍റെ അമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. വിദ്യാര്‍ഥിനുയുടേത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
പെണ്‍കുട്ടി മരിക്കുന്നതിന് തൊട്ടുമുമ്പ് അമ്മയുമായി ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍, അമ്മയ്ക്ക് ഫോൺ എടുക്കാൻ സാധിച്ചിരുന്നില്ല. ശേഷം, മകളെ മാതാവ് ഫോണിലൂടെ ആവർത്തിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മകള്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് സംശയം തോന്നിയ മാതാവ് മകളുടെ റൂമില്‍ എത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യാർഥിനിയുടെ പിതാവ് മുംബൈയില്‍ ബാങ്കില്‍ ജോലി ചെയ്യുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആർജി കർ ആശുപത്രിയിലെ സെമിനാർ മുറിയിൽ ബിരുദാനന്തര പരിശീലന വനിതാ ഡോക്‌ടര്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രാജ്യത്ത് വലിയ പ്രതിഷേധം ഉണ്ടായിരുന്നു. കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദം ആത്മഹത്യാ പ്രേരണ എന്നിവയുണ്ടെങ്കിലോ സുഹൃത്തുക്കളുടെ മാനസികാവസ്ഥയില്‍ ആശങ്കയുണ്ടെങ്കിലോ സ്നേഹ ഫൗണ്ടേഷൻ-04424640050 (24x7 ലഭ്യമാണ്) നമ്പറിലേക്ക് വിളിക്കാവുന്നതാണ്. അല്ലെങ്കിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൻ്റെ ഹെൽപ്പ് ലൈൻ-9152987821 എന്ന നമ്പറിൽ വിളിക്കുക(തിങ്കളാഴ്‌ച മുതൽ ശനിയാഴ്‌ച വരെ രാവിലെ 8 മുതൽ രാത്രി 10 വരെ)
Read Also: ആര്‍ ജി കര്‍ ബലാത്സംഗ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം