ഹൈദരാബാദ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ടീമിന് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി കിരീടം നേടുക മാത്രമല്ല, ഇന്ത്യയെ പരാജയപ്പെടുത്തുക കൂടിയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. ലാഹോറിൽ പുനർനിർമ്മിച്ച ഗദ്ദാഫി സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഞങ്ങൾക്ക് മികച്ച ഒരു ടീമുണ്ട്, സമീപകാലത്ത് നല്ല പ്രകടനമാണ് കാഴ്ചവച്ചത്, പക്ഷേ യഥാർത്ഥ വെല്ലുവിളി ചാമ്പ്യൻസ് ട്രോഫി നേടുക മാത്രമല്ല, ദുബായിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ നമ്മുടെ ബദ്ധവൈരികളായ ഇന്ത്യയെ തോൽപ്പിക്കുക എന്നതുമാണ്, രാജ്യം മുഴുവൻ ടീമിന് പിന്നിൽ നിലകൊള്ളുന്നുവെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
'ഏകദേശം 29 വർഷത്തിനു ശേഷം ഒരു പ്രധാന ഐസിസി പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാന് വലിയ അവസരമാണ്, ചാമ്പ്യൻസ് ട്രോഫിയിൽ നമ്മുടെ ടീം രാജ്യത്തിന് അഭിമാനം പകരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഷഹബാസ് കൂട്ടിച്ചേര്‍ത്തു. 1996 ൽ ഇന്ത്യ, ശ്രീലങ്ക എന്നിവയ്‌ക്കൊപ്പം പാകിസ്ഥാൻ ഐസിസി ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫിയുടെ നിലവിലെ ചാമ്പ്യന്മാരാണ് പാകിസ്ഥാൻ, കഴിഞ്ഞ ടൂർണമെന്റിൽ (2017) ഫൈനലിൽ ഇന്ത്യയെ 180 റൺസിന്‍റെ വലിയ മാർജിനിൽ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു.
Superstars onstage at the Gaddafi Stadium 🌟
— Pakistan Cricket (@TheRealPCB) February 7, 2025
The moment Pakistan team unveiled their official jersey for the ICC Champions Trophy 2025 👏 pic.twitter.com/yiPGU5MT0z
ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍
135 ഏകദിന മത്സരങ്ങളിലാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. ഇതിൽ 57 തവണ ഇന്ത്യ വിജയിച്ചപ്പോൾ 73 തവണ പാകിസ്ഥാൻ ജയിച്ചു. ചാമ്പ്യൻസ് ട്രോഫിയില്‍ ഇരു ടീമുകളും അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്, മൂന്ന് തവണ പാകിസ്ഥാൻ ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചു.
ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബിസിസിഐ ഇന്ത്യ ടീമിനെ പാകിസ്ഥാനിലേക്ക് പോകാൻ അനുവദിച്ചില്ല. ഐസിസിയുമായുള്ള നിരവധി ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷം, ബിസിസിഐയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) ചാമ്പ്യൻസ് ട്രോഫി ഒരു ഹൈബ്രിഡ് മോഡലിൽ നടത്താൻ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും യുഎഇയിൽ കളിക്കും. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുന്നത്. ഫെബ്രുവരി 23 ഞായറാഴ്ച ദുബായിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന മത്സരമാണ് ടൂർണമെന്‍റെിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരം.