കോഴിക്കോട് : എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) കാത്തിരുന്നവർക്ക് വീണ്ടും നിരാശ. ഭൂമി വിട്ടു നൽകിയ കിനാലൂരുകാർ ചോദിക്കുന്നത്, 'ഇനിയും എത്രകാലം കാത്തിരിക്കണം' എന്നാണ്. എയിംസിനായി സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 200 ഏക്കർ ഭൂമിയിൽ അൻപതിലേറെ ഏക്കർ പ്രദേശവാസികൾ വിട്ടുനൽകി കഴിഞ്ഞു.
സാമൂഹിക ആഘാത പഠനവും തഹസിൽദാറുടെ നേതൃത്വത്തിൽ ലാൻഡ് അക്വിസിഷനും കഴിഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരുകൾ അടയാളപ്പെടുത്തി കല്ലുകൾ നാട്ടി. സ്ഥല ഉടമകളായ കുടുംബങ്ങളും നാട്ടുകാരും എയിംസിനായി വിട്ടുവീഴ്ച ചെയ്യാനും സന്നദ്ധമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാറിന്റെ അവഗണനയിൽ വീണ്ടും അവർ നിരാശരായിരിക്കുകയാണ്. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭൂമി വിട്ടുനൽകിയവരെ വീണ്ടും നിരാശരാക്കുന്ന നടപടിയാണ് മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിലും കണ്ടത്. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനായി ഭൂമിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടും ഇത്തവണയും അവഗണന തന്നെ. കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിലും എയിംസ് പ്രഖ്യാപനമുണ്ടായിരുന്നില്ല. എന്നാൽ, തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്.
എയിംസിനായി 200 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തത്. ഇതിൽ വ്യവസായ വികസന വകുപ്പിനു കീഴിലുള്ള 150 ഏക്കർ ഭൂമി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി കഴിഞ്ഞു. ഭാവി വികസനവും കണക്കിലെടുത്ത് 100 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്നായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ 40.68 ഹെക്ടർ സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് കഴിഞ്ഞ ജൂണിൽ ഇറങ്ങിയിരുന്നു.
ജനവാസ കേന്ദ്രങ്ങളായ സ്ഥലം ഏറ്റെടുക്കുമ്പോൾ 194 കുടുംബങ്ങളിലായി 803 വ്യക്തികളെയാണ് ബാധിക്കുക. ഇവർക്കു പുറമെ, 80 ഓളം വീടുകൾ, ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയും ഉൾപ്പെടും. ഭൂമി ഏറ്റെടുക്കൽ ഉത്തരവ് ഇറങ്ങിയിട്ടും എയിംസ് പ്രഖ്യാപനം ഇല്ലാതായതോടെയാണ് ആശങ്ക വർധിച്ചത്. ഭൂമി ക്രയവിക്രയം നടത്താനോ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കാനോ പറ്റാത്ത അവസ്ഥയിലാണ് ഉടമകൾ.
ഇങ്ങനെ എത്രകാലം തുടരേണ്ടി വരുമെന്ന ആശങ്കയും ഭൂമി നൽകിയ കുടുംബങ്ങൾ പ്രകടമാക്കി കഴിഞ്ഞു. 2014 ൽ തുടങ്ങിയ കേരളത്തിൻ്റെ ആവശ്യമാണ് എയിംസ്. കിനാലൂരിൽ സ്ഥലം ലഭിച്ചിട്ടും പക്ഷേ ഈ തവണയും നിരാശയാണ്. അതിനിടെ എയിംസിനെ ചൊല്ലി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കോഴിക്കോട് എംപി എം കെ രാഘവനും കൊമ്പുകോർത്തിരുന്നു. ക്രഡിറ്റ് അടിച്ച് മാറ്റാൻ വ്യഗ്രതപ്പെടുന്നവർ ആദ്യം ശ്രമിക്കേണ്ടത് എയിംസ് കൊണ്ടുവരാനാണെന്ന് ജനങ്ങൾ അടക്കം പറഞ്ഞ് തുടങ്ങി.
Also Read: കേന്ദ്ര ബജറ്റ് 2025; പ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തിൽ