ആരോഗ്യകരമായി ജീവിതം മുന്നോട്ട് നീക്കണമെങ്കില്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതിനായി ഫാസറ്റ് ഫൂഡുകള്‍ ഒഴിവാക്കുന്നതിനൊപ്പം പച്ചക്കറികളും പഴ വര്‍ഗങ്ങളും കൂടുതലായി ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ ഇക്കാലത്ത് പച്ചക്കറികള്‍ വിശ്വസിച്ച് കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അതിന് കാരണം കൃഷിയില്‍ കൂടുതല്‍ വിളവും ലാഭവും ആഗ്രഹിച്ച് നടത്തുന്ന കീടനാശിനിയുടെ പ്രയോഗമാണ്.
കടയില്‍ നിന്നും വാങ്ങുന്നതിന് പകരം സ്വന്തം ഉപയോഗിക്കേണ്ട പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്യാം. ഇതിനായി കൃഷിയെ കുറിച്ച് ഏകദേശ ധാരണ വേണം. ഏത് കാലാവസ്ഥയില്‍ ഏതെല്ലാം പച്ചക്കറികളാണ് കൃഷിക്ക് അനുയോജ്യമെന്നത് തിരിച്ചറിയണം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ കൃഷിയില്‍ നിന്നും ഏറെ ഫലം ലഭിക്കും. കാലാവസ്ഥ മാറി മറിയുന്ന ഇക്കാലത്ത് കാര്‍ഷിക വിളകളിലും മാറ്റം വരുത്തേണം. ഏതെല്ലാം മാസങ്ങളില്‍ ഏത് വിളവ് കൃഷിയിറക്കണം എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി അറിയാം.
ജനുവരി: മിക്ക പച്ചക്കറികളും കൃഷിയിറക്കാന്‍ അനുയോജ്യമായ കാലാവസ്ഥയാണ് ജനുവരിയെങ്കിലും വെണ്ട, പാവല്‍, ചീര, പടവലം, തക്കാളി എന്നീ കൃഷികള്‍ക്ക് ഏറെ അനുയോജ്യമായ മാസമാണ് ജനുവരി. സൂര്യപ്രകാശവും വെള്ളവും നന്നായി ലഭിക്കുന്ന ഇടമാണ് ഈ കൃഷികള്‍ക്കായി തെരഞ്ഞെടുക്കേണ്ടത്. തക്കാളിയും പാവലും തൈകള്‍ പറിച്ച് നട്ട് കൃഷി ചെയ്യാം. വെണ്ട, ചീര, പടവലം എന്നിവ വിത്ത് പാകിയും കൃഷിയിറക്കാം. കുഴിയെടുത്ത് ചാണകപ്പൊടിയും കോഴി കാഷ്‌ഠവും വളമായി ആദ്യം ഇടാം. ശേഷം വേണം തൈകളും വിത്തുകളും കൃഷി ചെയ്യാന്‍.
ഫെബ്രുവരി: കിഴങ്ങ് വര്‍ഗങ്ങളായ ചേനയും ചേമ്പും കൃഷിയിറക്കാന്‍ അനുയോജ്യമായ മാസമാണ് ഫെബ്രുവരി. ചാണക വെള്ളത്തില്‍ മുക്കി വച്ച് മുള പൊട്ടുമ്പോഴാണ് ചേന കൃഷി ചെയ്യേണ്ടത്. അര മീറ്റര്‍ ആഴത്തിലും വീതിയിലും കുഴിയെടുത്ത് ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ത്ത് വേണം ചേനയും ചേമ്പും അതില്‍ നടാന്‍. രണ്ട് കിലോ ചാണകപ്പൊടിയെങ്കിലും ഓരോ കുഴിയിലും ഇടണം. കൃത്യമായ ജലസേചനവും തുടര്‍ച്ചയായ വളപ്രയോഗവും നടത്തിയാല്‍ അടുത്ത ഓഗസ്റ്റില്‍ ചേന വിളവെടുക്കാം.
മാര്‍ച്ച്: ഒന്നര മാസം കൊണ്ട് വിളവെടുക്കാവുന്ന വെള്ളരി കൃഷിയിറക്കാന്‍ നല്ലത് മാര്‍ച്ച് മാസമാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ കൃഷിയിറക്കിയാല്‍ വിഷുവിന് കണിയൊരുക്കാന്‍ വെള്ളരി പാകമാകും. വിത്ത് മുളപ്പിച്ച് പിന്നീട് തൈകള്‍ മാറ്റി നടുന്നതാണ് നല്ലത്. കുഴിയെടുത്ത് ചാണകപ്പൊടി, കോഴി കാഷ്‌ഠം എന്നിവ അടിവളമായി നല്‍കാം. ദിവസവുമുള്ള ജലസേചനവും വളപ്രയോഗവും കൃഷിയെ കൂടുതല്‍ സമ്പുഷ്‌ഠമാക്കും. സൂര്യപ്രകാശം നന്നായി ലഭിക്കുന്നയിടത്ത് വേണം കൃഷിയിറക്കാന്‍. ചെടികള്‍ വളര്‍ന്ന് തുടങ്ങിയാല്‍ കീടശല്യം വരാന്‍ സാധ്യതയേറെയാണ്. കാന്താരി മുളക്, ഇഞ്ചി എന്നിവ സമം ചേര്‍ത്ത് നന്നായി അരച്ചെടുത്തതിലേക്ക് സോപ്പ് ലായനി മിക്‌സ് ചെയ്‌ത് തളിച്ചാല്‍ കീടശല്യത്തെ പ്രതിരോധിക്കാം.
ഏപ്രില്‍: പുതുമഴ മണ്ണിനെയൊന്ന് നനച്ചാല്‍ പിന്നെ ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, നെല്ല് എന്നിവ കൃഷിയിറക്കാം. മണ്‍കൂനയെടുത്താണ് ഇഞ്ചിയും മഞ്ഞളും കൃഷിയിറക്കേണ്ടത്. ചാണകപ്പൊടിയും കരിയിലകളും ഉപയോഗിച്ച് വളപ്രയോഗവും നടത്താം. ആഴ്‌ചയില്‍ ഒരിക്കല്‍ വെള്ളമൊഴിച്ച് നല്‍കാം. മഴക്കാലം ആരംഭിച്ചാല്‍ പിന്നെ പച്ച ചാണകം ഇട്ട് അതിന് മുകളില്‍ അല്‍പം മണ്ണിട്ട് മൂടാം. ഏപ്രില്‍ പകുതിയോടെയാണ് നെല്ല് വിതയ്‌ക്കേണ്ടത്.
മെയ്: കിഴങ്ങ് വര്‍ഗങ്ങളായ കാച്ചില്‍, നനകിഴങ്ങ് എന്നിവ നടേണ്ട മാസമാണ് മെയ്. കുഴിയെടുത്ത് അതില്‍ ചാണകപ്പൊടിയും വെണ്ണീറും/ചാരം ചേര്‍ത്ത് വേണം കൃഷിയിറക്കാന്‍. മഴക്കാലമാകുമ്പോഴേക്കും കിഴങ്ങുകളില്‍ നിന്നുള്ള വള്ളികള്‍ പടരാന്‍ തുടങ്ങും. അപ്പോഴേക്കും കമ്പുകള്‍ നാട്ടി അതിന് പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യമൊരുക്കണം. മഴ ലഭിച്ച് തുടങ്ങുന്നതോടെ നനകിഴങ്ങും കൂനയെടുത്ത് നടാം.
ജൂണ്‍: മഴക്കാല ആരംഭത്തിന്‍റെ മാസമാണ് ജൂണ്‍. വേനല്‍ക്കാല വിളകള്‍ കുഴിയെടുത്താണ് നടേണ്ടതെങ്കില്‍ മഴക്കാല വിളകള്‍ മണ്‍കൂനയെടുത്താണ് നടേണ്ടത്. മഴവെള്ളം കെട്ടി നിന്ന് കൃഷി ചീഞ്ഞ് പോകാതിരിക്കാനാണ് ഇത്തരം രീതി അവലംബിക്കുന്നത്. വഴുതന, പച്ചമുളക്, വെണ്ട എന്നിവയാണ് ജൂണില്‍ കൃഷിയിറക്കേണ്ടത്. ഇവ വേനല്‍ കാലത്ത് കൃഷിയിറക്കുന്നതിനേക്കാള്‍ വിളവ് മഴക്കാലത്ത് കുറവായിരിക്കുമെങ്കിലും കീടശല്യം കുറവായിരിക്കും.
ജൂലൈ: ജൂണില്‍ ആരംഭിക്കുന്ന മഴയ്‌ക്ക് ജൂലൈയോടെ ശക്തി വര്‍ധിക്കും. ഇക്കാലയളവില്‍ ഇറക്കിയാല്‍ നല്ല വിളവ് ലഭിക്കുന്ന പച്ചക്കറിയാണ് പയര്‍, ചോളം, മുത്താറി എന്നിവ. ഉഴുതിട്ട പറമ്പില്‍ ചാരം വിതറി വേണം വിത്ത് വിതയ്‌ക്കാന്‍.
ഓഗസ്റ്റ്: നേന്ത്രവാഴ നടാന്‍ അനുയോജ്യമായ മാസമാണ് ഓഗസ്റ്റ്. വെള്ളത്തിന്‍റെ ഈര്‍പ്പം കൂടുതലുള്ള മേഖലകളിലാണെങ്കില്‍ അര മീറ്റര്‍ ഉയരത്തില്‍ കൂനയെടുത്തും കര മേഖലയിലാണെങ്കില്‍ ഒരു മീറ്റര്‍ ആഴത്തിലുമാണ് വാഴ നടേണ്ടത്. ചാണകപ്പൊടിയാണ് അടിവളമായി വാഴയ്‌ക്ക് നല്‍കേണ്ടത്. കരുത്തുള്ള കന്ന് നോക്കി വേണം വാഴ നടാന്‍. എന്നാല്‍ മാത്രമെ നല്ല വിളവ് ലഭിക്കുകയുള്ളൂ.
സെപ്‌റ്റംബര്‍: പൈനാപ്പിള്‍, നെല്ല്, പച്ചക്കറി എന്നിവ കൃഷിയിറക്കുന്നതിന് അനുയോജ്യമായ മാസമാണ് സെപ്‌റ്റംബര്‍. നെല്ല് രണ്ടാം വിളയായി കൃഷിയിറക്കേണ്ട സമയമാണിത്. ഇതിനായി ഓഗസ്റ്റില്‍ ഞാറ് മുളപ്പിക്കേണം. മഴയ്‌ക്ക് അല്‍പം ശമനം ലഭിക്കുന്ന മാസമായതിനാല്‍ അത് നെല്‍ കൃഷിക്ക് ഏറെ അനുയോജ്യമാണ്. ഈ കാലാവസ്ഥ തന്നെയാണ് പൈനാപ്പിള്‍ കൃഷിക്കും അനുയോജ്യം.
ഒക്‌ടോബര്‍: ശീതകാല പച്ചക്കറി കൃഷി ഇറക്കേണ്ട സമയമാണ് ഒക്‌ടോബര്‍. കാബേജ്, കോളിഫ്ലവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയാണ് ഇക്കാലയളവില്‍ കൃഷിയിറക്കേണ്ടത്. കാബേജും കോളിഫ്ലവറും മണ്ണില്‍ ചാലെടുത്താണ് നടേണ്ടത്. അതേസമയം കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ തറയെടുത്തുമാണ് നടേണ്ടത്. സ്യൂഡോ ലായനിയില്‍ മുക്കിയ ശേഷം വേണം തൈകള്‍ നടാന്‍. ഇത് കീടബാധ അകറ്റാന്‍ സഹായിക്കും.
നവംബര്‍: ഫെബ്രുവരിയില്‍ കൃഷിയിറക്കുന്ന ചേമ്പും ചേനയും ഓഗസ്റ്റില്‍ വിളവെടുക്കാം. ശേഷം ഇവ കൃഷിയിറക്കാന്‍ ഉത്തമമായ മാസമാണ് നവംബര്‍. ചേമ്പും ചേനയും മാത്രമല്ല മരച്ചീനിയും ഇക്കാലയളവിലാണ് കൃഷിയിറക്കേണ്ടത്. മണ്ണ് കൂന പോലെയൊരുക്കി അതില്‍ കമ്പ് കുത്തിയാണ് മരച്ചീനി കൃഷിയിറക്കേണ്ടത്.
ഡിസംബര്‍: കടുത്ത വേനല്‍ വിടവാങ്ങി ശൈത്യകാലത്തേക്ക് കടക്കുന്ന ഡിസംബറില്‍ കൃഷിയിറക്കേണ്ടത് എള്ള്, റാഗി, വന്‍പയര്‍ എന്നിവയാണ്. നേരത്തെ കൃഷിയിറക്കിയിരുന്ന ഭൂമിയില്‍ വിളവെടുപ്പിന് ശേഷം മണ്ണ് ഉഴുത് മറിച്ച് വേണം എള്ള്, റാഗി, വന്‍പയര്‍ എന്നിവ കൃഷിയിറക്കാന്‍. ചാരമാണ് ഈ കൃഷികളുടെ പ്രധാന വളം. വേനല്‍ കാലത്ത് ഈ വിളകളില്‍ കീടശല്യം താരതമ്യേന കുറവായിരിക്കും. ഡിസംബറില്‍ ഇറക്കുന്ന കൃഷി അടുത്ത മഴക്കാലത്തിന് മുമ്പായി പൂര്‍ണമായും വിളവെടുക്കാം. ശേഷം കൃഷിയുടെ ചെടിയും ഇലകളുമെല്ലാം കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കാം. അടുത്ത കൃഷിക്ക് നല്ലൊരു വളമായിരിക്കും ഈ ചെടികളും കരിയിലകളും.
Also Read: ജൈവ കൃഷിയില്‍ നൂറുമേനി വിളയിച്ച് അനുഗ്രഹ; നാട്ടിലെ താരമായി കുട്ടിക്കർഷക