കാസർകോട്: വര്‍ഷങ്ങളായുള്ള പ്രയത്നം...ഒടുക്കം 55ാം വയസില്‍ സര്‍ക്കാര്‍ ജോലി...ഇത്ര കാലമായി ശ്രമിച്ചിട്ടും മടുപ്പ് തോന്നിയില്ലേ? എന്ന ചോദ്യത്തിന് 'ലക്ഷ്യമുണ്ടെങ്കിൽ മുന്നേറാം, പ്രായത്തെപറ്റി ചിന്തിക്കരുത്' എന്ന് ചെറുപുഞ്ചിരിയോടെ പറയും നീലേശ്വരത്തെ പിവി ജയന്തി. 25ാം വയസിലാണ് ജയന്തി സര്‍ക്കാര്‍ ജോലിക്കായി പരീക്ഷ എഴുതി തുടങ്ങിയത്. എന്നാല്‍ പിന്നീട് അതങ്ങനെ നീണ്ട് 49ാം വയസ് വരെയെത്തി.
ഒടുവിൽ 55ാം വയസിൽ സർക്കാർ സർവീസിൽ കയറിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു ജയന്തിക്ക്. വനിത ശിശുവികസന വകുപ്പിന്‍റെ പരപ്പ കോളിച്ചാല്‍ കാര്യാലയത്തില്‍ ഐസിഡിഎസ് സൂപ്പര്‍വൈസറായാണ് ജയന്തി ജോലിയില്‍ പ്രവേശിച്ചത്. 2019ലാണ് വിജ്ഞാപനമുണ്ടായത്. 2021ല്‍ പരീക്ഷ എഴുതി. 2022ല്‍ റാങ്ക് പട്ടിക വന്നു. പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞാണ് നിയമനം ഉണ്ടായത്.
കൊവിഡ് കാലത്താണ് ജയന്തി ഇതിനായി പഠനം ആരംഭിച്ചത്. യൂട്യൂബിൽ നിന്നും വീഡിയോ കണ്ട് പഠിച്ചു. പിന്നെ പുസ്‌തകങ്ങളും വായിച്ചു. ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ഭര്‍ത്താവ് എന്‍വി വിജയനും പഠനത്തിൽ സഹായിച്ചു. കുടുംബത്തിന്‍റെ പൂർണ പിന്തുണയും ലഭിച്ചതോടെ 5 വർഷത്തേക്ക് ആണെങ്കിലും ജയന്തി സർക്കാർ സർവീസിൽ കയറി.
നാട്ടുകാരും കുടുംബക്കാരും അഞ്ച് വർഷം അല്ലെ ഇനി ഉള്ളൂവെന്ന് ചോദിച്ചാൽ അഞ്ച് വര്‍ഷം ജോലി ചെയ്യാമല്ലോ എന്നാണ് ജയന്തിയുടെ മറുപടി. നീലേശ്വരം പട്ടേന പാലക്കുഴി വിജെ നിലയത്തിലെ പിവി ജയന്തി അങ്കണവാടി അധ്യാപികയായിരുന്നു. നീലേശ്വരം രാങ്കണ്ടം അങ്കണവാടിയില്‍ 22 വര്‍ഷമായി ജോലി ചെയ്യുന്നു.
ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത ബിരുദമാണ്. എസ്‌എസ്എല്‍സി മാത്രം യോഗ്യതയുള്ള ജയന്തിക്ക് 36 വയസിന് മുമ്പേ അപേക്ഷ അയക്കാനായില്ല. എന്നാല്‍ അങ്കണവാടി അധ്യാപികയായി പത്ത് വര്‍ഷം സേവനമനുഷ്‌ഠിച്ചവര്‍ക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാനാകും. പ്രായം 50ല്‍ താഴെയായിരിക്കണം. ഈ ആനുകൂല്യമാണ് ജയന്തിക്ക് തുണയായത്.
ചിലപ്പോൾ കപ്പിനും ചുണ്ടിനും ഇടയിൽ ജോലി കിട്ടാതിരിക്കാം എന്നാൽ ജയന്തിയുടെ കാര്യത്തിൽ എല്ലാം ശുഭമായി തന്നെ മുന്നോട്ട് പോയി. 32ാം വയസിലാണ് അങ്കണവാടി അധ്യാപികയായി ജയന്തിക്ക് ജോലി ലഭിക്കുന്നത്. നീലേശ്വരം ബ്ലോക്കില്‍ നടന്ന അഭിമുഖത്തിലൂടെയായിരുന്നു നിയമനം. ജോലിയില്‍ പ്രവേശിച്ച് മൂന്ന് വര്‍ഷം കഴിയുന്ന സമയത്ത് പിഎസ്‌സി വിജ്ഞാപനമുണ്ടായിരുന്നു.
ചുരുങ്ങിയത് പത്ത് വര്‍ഷം സര്‍വീസ് വേണ്ടതിനാല്‍ അന്ന് അപേക്ഷ നല്‍കാനായില്ല. പിന്നീട് 2019ലാണ് വിജ്ഞാപനം വന്നത്. കൊവിഡ് സമയം ആയതിനാൽ പരീക്ഷ നടന്നില്ല. 2021ലാണ് പിന്നീട് പരീക്ഷ നടന്നത്. വീട്ടിൽ ആയതുകൊണ്ട് പഠിക്കാൻ കുറെ സമയവും കിട്ടിയെന്ന് ജയന്തി പറഞ്ഞു. അല്‍പം വൈകിയാണെങ്കിലും ജോലി കിട്ടിയതിൽ ജയന്തിയും കുടുംബവും ഹാപ്പിയാണ്. യക്ഷഗാന കലാകാരനായ ഗോപാലകൃഷ്‌ണന്‍റെയും ശ്രീദേവിയുടെയും മകളാണ് ജയന്തി. വിജിത, ജ്യുതി എന്നിവരാണ് മക്കള്‍.
Also Read: ജോലി കണ്ടെത്തുന്നത് ഇനി കൂടുതൽ എളുപ്പം: പുതിയ എഐ ഫീച്ചർ അറിയാതെ പോകരുത് !!