ന്യൂഡല്‍ഹി: 27 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഭരണകക്ഷിയായ എഎപിയെ അട്ടിമറിച്ച് ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങുകയാണ് ബിജെപി. 48 സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയപ്പോള്‍ എഎപി കേവലം 22 സീറ്റുകളിലേക്ക് ഒതുങ്ങി. ഡല്‍ഹിക്കാരുടെ വോട്ടിങ് ശൈലിയില്‍ മാറ്റം വന്നുവെന്നാണ് 2020ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ താരതമ്യം ചെയ്യുമ്പോള്‍ മനസിലാക്കാനാകുന്നത്.
ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഡല്‍ഹിയുടെ രാഷ്‌ട്രീയ ഭൂപടത്തില്‍ 2013 മുതല്‍ എഎപി തങ്ങളുടെ ആധിപത്യം ശക്തമായി തന്നെ അടയാളപ്പെടുത്തി തുടങ്ങിയിരുന്നു. 2020ല്‍ 70ല്‍ 62 സീറ്റുകള്‍ നേടി കൊണ്ടാണ് എഎപി മൂന്നാം തവണയും അധികാരത്തിലേറിയത്. ബിജെപിക്ക് കേവലം എട്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2020ലും 2025ലും ഡല്‍ഹിക്കാര്‍ എങ്ങനെ വോട്ട് ചെയ്‌തു എന്നൊരു താരതമ്യമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്.
എഎപി സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി
പശ്ചിമ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും 2020ല്‍ ആം ആദ്‌മി പാര്‍ട്ടി സ്വന്തമാക്കി. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഇവിടെ നിന്ന് ഇക്കുറി തിലക് നഗറില്‍ മാത്രമാണ് എഎപിയ്ക്ക് സീറ്റ് നിലനിര്‍ത്താനായത്. മോത്തി നഗര്‍, നന്‍ഗ്ലോയ് ജാട്ട്, ജനകപുരി, രജൗരി ഗാര്‍ഡന്‍, ഹരിനഗര്‍, മദിപൂര്‍ തുടങ്ങിയ മണ്ഡലങ്ങളെല്ലാം തന്നെ എഎപിയില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.
ദക്ഷിണ പശ്ചിമ ഡല്‍ഹിയില്‍ 2020ല്‍ എഎപി സ്വന്തമാക്കിയ എട്ട് സീറ്റുകളും ഇക്കുറി കാവിയണിഞ്ഞു. 2020ല്‍ ദക്ഷിണ പൂര്‍വ ഡല്‍ഹിയിലെ ആറ് സീറ്റുകളും എഎപി പിടിച്ചപ്പോള്‍ കേവലം ഒരു സീറ്റ് കൊണ്ട് ബിജെപിക്ക് തൃപ്‌തിപ്പെടേണ്ടി വന്നു. എന്നാല്‍ 2025ല്‍ രണ്ട് സീറ്റുകള്‍ കൂടി സ്വന്തമാക്കി ബിജെപി തങ്ങളുടെ മണ്ഡലങ്ങളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്തി.
ഷഹ്‌ദാര ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്നും 2020ല്‍ എഎപിക്കൊപ്പമായിരുന്നു. 2025ല്‍ മൂന്നെണ്ണം ബിജെപി സ്വന്തമാക്കി. ദക്ഷിണ ഡല്‍ഹിയിലെ അഞ്ച് സീറ്റുകളും 2020ല്‍ എഎപി സ്വന്തമാക്കി. എന്നാല്‍ ഇക്കുറി ഇവിടെ നിന്ന് രണ്ട് സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. വടക്ക് കിഴക്കന്‍ ഡല്‍ഹി ജില്ലയിലെ അഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം 2020ല്‍ എഎപി സ്വന്തമാക്കിയിരുന്നു. 2025ല്‍ പക്ഷേ രണ്ട് സീറ്റുകള്‍ മാത്രമേ നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചുള്ളൂ.
2020ല്‍ വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി ജില്ലയിലെ ഏഴ് സീറ്റുകളും എഎപി സ്വന്തമാക്കി. എന്നാല്‍ ഇക്കുറി രണ്ടെണ്ണം മാത്രമേ ഇവിടെ നിന്ന് നേടാനായുള്ളൂ. വടക്കന്‍ ഡല്‍ഹി ജില്ലയിലെ 2020ല്‍ എട്ട് മണ്ഡലങ്ങളില്‍ ഏഴെണ്ണവും എഎപി സ്വന്തമാക്കി. 2025 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഇവിടുത്തെ മുഴുവന്‍ സീറ്റുകളും തൂത്തുവാരിയത്.
2020ല്‍ ന്യൂഡല്‍ഹി ജില്ലയിലെ ആറ് സീറ്റുകളും എഎപി സ്വന്തമാക്കിയപ്പോള്‍ 2025ല്‍ നാലെണ്ണവും ബിജെപി കൈപ്പിടിയിലൊതുക്കി. മധ്യ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും 2020ല്‍ എഎപി സ്വന്തമാക്കിയപ്പോള്‍ 2025ല്‍ ബിജെപിക്ക് ഇവിടെ നിന്ന് ഒരു സീറ്റ് കൈക്കലാക്കാനായി.
Also Read: രാജ്യതലസ്ഥാനത്ത് നിന്ന് തൂത്തെറിയപ്പെട്ട് എഎപി, ബിജെപിക്ക് വിജയം സമ്മാനിച്ചതാര്?