താര രാജാക്കന്‍മാര്‍ക്കൊപ്പം ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയും. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയന്‍താരയും ജോയിന്‍ ചെയ്‌തു. കഴിഞ്ഞ ദിവസം ഉച്ചയോടു കൂടിയാണ് നയൻതാര ലൊക്കേഷനിൽ എത്തിച്ചേർന്നതായുള്ള അപ്ഡേറ്റുകൾ പുറത്തു വരുന്നത്.
മമ്മൂട്ടിയോടൊപ്പമുള്ള നയൻതാരയുടെ ലൊക്കേഷൻ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നയൻതാരയും ഈ പ്രോജക്‌ടിന്‍റെ ഭാഗമായതോടെ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഉച്ചസ്ഥായിയിലാണ്. അതേസമയം നയൻതാരയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാളത്തില്‍ എത്തുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്‌ത പൃഥ്വിരാജ് ചിത്രം 'ഗോള്‍ഡി'ലാണ് താരം ഏറ്റവും ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്.
![Mahesh Narayanan movie Nayanthara in Mahesh movie നയൻതാര മമ്മൂട്ടിയും നയന്‍താരയും](https://etvbharatimages.akamaized.net/etvbharat/prod-images/10-02-2025/kl-ekm-1-maheshnarayananfilmupdate-7211893_10022025085804_1002f_1739158084_1101.jpeg)
മമ്മൂട്ടിക്കൊപ്പം ഇത് നാലാം തവണയാണ് നയന്‍താര വേഷമിടുന്നത്. അതേസമയം ഒണ്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും നയന്‍താരയും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. 2016ല്‍ റിലീസ് ചെയ്‌ത 'പുതിയ നിയമം' എന്ന സിനിമയിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
18 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. ട്വന്‍റി20 എന്ന സിനിമയ്‌ക്ക് ശേഷം ഇരുവരും മുഴുനീള വേഷത്തില്‍ ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ മഹേഷ് നാരായണന്‍ ചിത്രത്തിനുണ്ട്.
താല്‍ക്കാലികമായി 'എംഎംഎംഎൻ' എന്നാണ് സിനിമയ്ക്ക് നാമകരണം ചെയ്‌തിരിക്കുന്നത്. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവരെ കൂടാതെ രേവതി, ദര്‍ശന രാജേന്ദ്രന്‍, രഞ്ജി പണിക്കര്‍, രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സെറീന്‍ ഷിഹാബ്, തിയേറ്റര്‍ ആര്‍ട്ടിസ്‌റ്റും സംവിധായകനുമായ പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
നിലവില്‍ കൊച്ചിയില്‍ സിനിമയുടെ അഞ്ചാംഘട്ട ഷെഡ്യൂൾ പുരോഗമിക്കുകയാണ്. ഫെബ്രുവരി 14ന് കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന. കൊച്ചി ഷെഡ്യൂളിന് ശേഷം ദില്ലിയിലാകും സിനിമയുടെ അടുത്ത ഷെഡ്യൂൾ. ശ്രീലങ്കയിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ. അസർബൈജാൻ, യുഎഇ തുടങ്ങി രാജ്യങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നു.
സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നത്. ആന്‍റോ ജോസഫ് നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു. ബോളിവുഡിലെ പ്രശസ്‌ത ഛായാഗ്രാഹകന്‍ മനുഷ് നന്ദനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കോ പ്രൊഡ്യൂസര്‍മാര്‍ - സി.ആര്‍ സലി, സുഭാഷ് ജോര്‍ജ് മാനുവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - രാജേഷ് കൃഷ്‌ണ, സിവി സാരഥ എന്നിവരും നിര്‍വ്വഹിക്കുന്നു.