എറണാകുളം: കേരളത്തിലെ മദ്യനയം മാറ്റുന്നതിന് മുന്‍പ് തന്നെ ഒയാസിസ് കമ്പനിയുമായി സര്‍ക്കാര്‍ ഡീല്‍ ഉറപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മദ്യനയം മാറ്റിയത് തന്നെ ഈ കമ്പനിക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് വ്യക്തമാക്കുന്ന രേഖകളും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു.
മദ്യനയം മാറ്റുന്നതിന് മുന്‍പ് തന്നെ ഈ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ഒയാസിസ് കമ്പനി
ഐഒസിയുടെ അംഗീകാരം വാങ്ങിയതു പോലും വാട്ടര്‍ അതോറിട്ടിയുടെ കണ്‍സന്‍റ് വാങ്ങിയ ശേഷമാണ്. ഇതിനെയാണ് കമ്പനിക്ക് ഐഒസിയുടെ അംഗീകരമുണ്ടെന്ന തരത്തില്‍ മന്ത്രി വലിയ കാര്യമായി പറഞ്ഞത്. കേരള സര്‍ക്കാര്‍ ക്ഷണിക്കുന്നതിന് മുന്‍പ് ഈ കമ്പനിക്ക് ഐഒസിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
"എക്‌സൈസ് മന്ത്രിയുടെ നുണ"
ഒയാസിസ് കമ്പനിക്ക് പാലക്കാട് എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണശാല അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് എക്‌സൈസ് മന്ത്രി ഉയര്‍ത്തിയ നുണകളുടെ ചീട്ടുകൊട്ടാരം തകര്‍ന്നു വീഴുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
മദ്യനയത്തില്‍ മാറ്റമുണ്ടായപ്പോള്‍ ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മദ്യ നിര്‍മ്മാണശാലയ്ക്ക് അനുമതി നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞത്.
മദ്യനയം മാറി മദ്യ നിര്‍മ്മാണശാല തുടങ്ങുന്ന വിവരം മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അല്ലാതെ പാലക്കാട്ടെയും കേരളത്തിലെയും ഉള്‍പ്പെടെ ഒരു ഡിസ്റ്റിലറികളും അറിയാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്ന് ഞങ്ങള്‍ ചോദിച്ചപ്പോഴും അവര്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഈ പദ്ധതിക്ക് ആവശ്യമായ വെള്ളം ആവശ്യപ്പെട്ട് ഒയാസിസ് കമ്പനി 16/06/2023 ല്‍ കേരള ജല അതോറിട്ടിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷണപ്രകാരമാണ് പ്ലാന്‍റ് സ്ഥാപിക്കുന്നതെന്നാണ്.
2025 ലാണ് പ്ലാന്‍റിന് അനുമതി നല്‍കിയത്. 2023 ലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷണപ്രകാരമെന്ന് കമ്പനി പറഞ്ഞിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐഒസിയുടെ അംഗീകാരം കിട്ടിയതു കൊണ്ടാണ് ഈ കമ്പനിക്ക് അംഗീകാരം നല്‍കിയതെന്ന മന്ത്രിയുടെ മറ്റൊരു പച്ചക്കള്ളം കൂടി പൊളിഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഐഒസിയുടെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഒയാസിസ് വാട്ടര്‍ അതോറിട്ടിക്ക് അപേക്ഷ നല്‍കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി ഉണ്ടെന്നും വെള്ളമാണ് വേണ്ടതെന്നുമാണ് അപേക്ഷയില്‍ പറയുന്നത്. എന്നിട്ടാണ് ഐഒസിയുടെ അംഗീകാരം ഉള്ളതുകൊണ്ടാണ് ഒയാസിസിന് മദ്യനര്‍മ്മാണ പ്ലാന്‍റിന് അനുമതി നല്‍കിയതെന്ന് മന്ത്രി പറഞ്ഞത്. ഐഒസി അംഗീകരിക്കുന്നതിന് മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ ഒയാസിസിന് ഇന്‍വിറ്റേഷന്‍ നല്‍കി. അപ്പോള്‍ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഐഒസിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഒയാസിസിനെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. മന്ത്രിയുടെ രണ്ട് കള്ളങ്ങളാണ് പൊളിഞ്ഞു വീണതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാട്ടർ അതോറിറ്റിയും ഒയാസിസ് കമ്പനിയും
വാട്ടര്‍ അതോറിട്ടിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത് വെള്ളത്തിന് വേണ്ടി വാട്ടര്‍ അതോറിട്ടിയെയാണ് ആശ്രയിക്കുന്നതെന്നാണ്. എത്ര അളവിലാണ് ജലം വേണ്ടതെന്നു പോലും പറയുന്നില്ല. 16/06/2023 ല്‍ ഒയാസിസ് അപേക്ഷ നല്‍കിയ അന്നുതന്നെ വെള്ളം നല്‍കാമെന്ന് വാട്ടര്‍ അതോറിട്ടിയുടെ സൂപ്രണ്ടിങ് എഞ്ചിനീയര്‍ കമ്പനിയെ അറിയിച്ചു. 2023 -ല്‍ ഐഒസി മുന്നോട്ട് വച്ച എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റില്‍ കേരളത്തില്‍ നിന്നടക്കം എഥനോള്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ 2023ല്‍ കേരളത്തില്‍ എഥനോള്‍ പ്ലാന്‍റിന് അംഗീകാരം ഇല്ലാതെയാണ് ഒയാസിസ് ടെന്‍ഡറില്‍ പങ്കെടുത്തത്. 2025 ലാണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് മദ്യ നിര്‍മ്മാണശാലയ്ക്ക് അനുമതി നല്‍കിയത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒയാസിസ് കമ്പനിക്ക് മദ്യ നിര്‍മ്മാണശാല അനുവദിച്ചതിനു പിന്നില്‍ ഗൂഢാലോചനയും അഴിമതിയും ആണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്നാണ്.
മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം നുണയാണ്. വലിയൊരു ഡീലിന്‍റെ ഭാഗമായാണ് മദ്യനയം മാറ്റി മദ്യ നിര്‍മ്മാണശാല തുടങ്ങാന്‍ ഈ കമ്പനിക്ക് അനുമതി നല്‍കിയത്. മദ്യനയത്തില്‍ പറഞ്ഞതും പറയാത്തതും ഉള്‍പ്പെടെയുള്ള എല്ലാ പ്ലാന്‍റുകളും തുടങ്ങാനാണ് ഒയാസിസിന് അനുമതി നല്‍കിയത്. എന്നിട്ടാണ് മന്ത്രി ഈ കമ്പനിയെ പുകഴ്ത്തിയത്. മന്ത്രിയുടെ പുകഴ്ത്തല്‍ കേട്ടപ്പോഴാണ് സംശയം തോന്നിയത്.
ഒയാസിസ് കമ്പനിക്കെതിരായ ആരോപണം
ഡല്‍ഹി മദ്യ നയ കോഴയുമായി ബന്ധപ്പെട്ട് ഈ കമ്പനിയുടെ ഉടമ അറസ്റ്റിലായിട്ടുണ്ട്. പഞ്ചാബില്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിനും ഈ കമ്പനി നിയമ നടപടി നേരിടുന്നുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെ എക്‌സൈസ് മന്ത്രിയുമായാണ് കമ്പനി ഡീല്‍ നടത്തിയത്. അതിന് ഇടനിലക്കാരുമുണ്ട്.
കെ കവിത കേരളത്തില്‍ വന്ന് താമസിച്ചിട്ടുമുണ്ട്. എക്‌സൈസ് മന്ത്രിയുമായി നേരത്തെ തന്നെ ബന്ധവുമുണ്ട്. ഡല്‍ഹി മദ്യനയ കേസില്‍ പ്രതിയായ അവരാണ് ഈ കമ്പനിയെ എക്‌സൈസ് മന്ത്രിക്ക് പരിചയപ്പെടുത്തി കൊടുത്തത്. എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ വേറൊരു വകുപ്പും അറിഞ്ഞിട്ടില്ല.
ഒരു വകുപ്പുമായും ചര്‍ച്ച ചെയ്‌തില്ലെന്ന പ്രതിപക്ഷ ആരോപണം അടിവരയിടാനാണ് മന്ത്രിസഭാ നോട്ട് ഹാജരാക്കിയത്. ഏതായാലും മന്ത്രിസഭ നോട്ട് വ്യാജമാണെന്ന് മന്ത്രി പറഞ്ഞില്ല. ഔദ്യോഗിക രേഖകളാണ് പ്രതിപക്ഷം ഹാജരാക്കിയത്. രേഖകള്‍ എങ്ങനെ കിട്ടിയെന്നു വേണമെങ്കില്‍ അന്വേഷിച്ചു പോകട്ടെയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.