കോഴിക്കോട്: കൊമ്പത്തെ ചക്ക നിലത്ത് കായ്ക്കും, വേരിലല്ല, കൊമ്പിൽ തന്നെ. കേട്ടിട്ട് അമ്പരപ്പ് തോന്നുന്നുണ്ടല്ലേ ? പുൽപ്പളളി മുള്ളൻ കൊല്ലിക്ക് സമീപം പാളക്കൊല്ലി ബെന്നി ചാലക്കലിൻ്റെ കുട്ടി പ്ലാവുകളിൽ ചക്കയിടാൻ ആളെ തിരയേണ്ട. കുഞ്ഞ് കൊമ്പുകളിലെ ചക്കകൾ നിലത്ത് കിടന്ന് വലുതാവുകയാണ്. തരിശായിക്കിടന്ന തൻ്റെ ഒരേക്കർ പറമ്പിലാണ് വിയറ്റ്നാം ഏർലി പ്ലാവുകൾ വെച്ചുപിടിപ്പിച്ചത്.
കോട്ടയത്ത് നിന്ന് കൊണ്ടുവന്ന 320 തൈകളാണ് ഇവിടെ നട്ടുവളർത്തിയിരിക്കുന്നത്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ടതാണ് തൈകൾ. സ്വകാര്യ നഴ്‌സറിയിൽ നിന്നും ശേഖരിച്ചവയാണിവ. മിക്ക തൈകളും ആറുമാസമായപ്പോഴേക്കും കായ്ച്ച് തുടങ്ങി. വർഷത്തിൽ രണ്ട് തവണ ചക്കയുണ്ടാകും. ചെറിയ ചക്കകളുമായി കുട്ടിപ്ലാവുകള്‍ നിൽക്കുന്നത് കാണാൻ നല്ല അഴകാണ്.
ആ അഴകിനകത്ത് നിറയെ ചുളയാണ്. നല്ല സുഗന്ധമുള്ള സ്വർണ്ണവർണ്ണ മധുരക്കട്ടി. അരക്കിലോ മുതൽ അഞ്ച് കിലോ വരെ തൂക്കം വരുന്ന ചക്കകളാണ് ഇതിൽ ഉണ്ടാകുന്നതെന്ന് ബെന്നി പറയുന്നു. പ്ലാവിൻ്റെ വയസ് കൂടുന്തോറും ചക്കയ്ക്ക് ഭാരം കൂടും. എത്ര വയസായാലും ഉയരം ഒരാൾ പൊക്കത്തിലേ കാണൂ.
പത്തടി അകലത്തിലാണ് തൈകൾ നട്ടിട്ടുള്ളത്. രണ്ടടി സമചതുര കുഴിയെടുത്ത് ചാണകവും മറ്റ് അടിവളങ്ങളും മൈക്രോ ന്യൂട്രിയന്‍റും ചേർത്താണ് തൈകൾ നടുന്നത്. കിഴക്ക് ചെരിവുള്ള ഭൂമിയായതിനാൽ പടിഞ്ഞാറെ വെയിലടിക്കില്ല. അതിനാൽ നല്ല വളർച്ചയുണ്ടെന്നാണ് ബെന്നി പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇപ്പോൾ തന്നെ ചക്ക വാങ്ങാന്‍ ആവശ്യക്കാരുണ്ട്. ഇടിച്ചക്കയാണ് ആളുകൾ ആവശ്യപ്പെടുന്നത്. മാത്രമല്ല, പഴങ്ങൾക്ക് മൈസൂർ ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യക്കാരുണ്ട്. അതുകൊണ്ടുതന്നെ ചക്ക വിൽക്കുന്നതിന് മാർക്കറ്റ് പ്രശ്‌നമില്ല. വേനൽക്കാലത്ത് നല്ല നനവ് കൊടുക്കാനും വളം ചെയ്യാനും സാധിച്ചാൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ചക്ക കൃഷി ചെയ്യുവാന്‍ സാധിക്കും.
വിയറ്റ്നാം ഏർലി ചക്കപഴത്തിന് ആവശ്യക്കാർ കൂടുതലുള്ളതാണ് ഈ കൃഷിയിലേക്ക് തിരിയുവാൻ ബെന്നിയെ പ്രേരിപ്പിച്ചത്. കോൺട്രാക്‌ട് വർക്കടക്കം മറ്റ് ചില തൊഴിലുകൾ ചെയ്യുന്നതിൻ്റെ ഇടയിലാണ് പ്ലാവിന്‍ കൃഷി ചെയ്യാന്‍ ബെന്നി സമയം കണ്ടെത്തുന്നത്. നിരവധി ആളുകൾ പ്ലാവിൻ തോട്ടം കാണുന്നതിനായി ഇവിടെ എത്തിച്ചേരുന്നുണ്ട്.
ചിലരെല്ലാം ഈ കൃഷി പഠിക്കുന്നതിനാണ് വരുന്നത്. ഭൂമികൾ തരിശായി ഇടാതെ ഇത്തരം കൃഷികൾക്കായി ഉപയോഗിക്കുകയാണെങ്കിൽ മികച്ച വരുമാനം കിട്ടുമെന്ന് ബെന്നി പറയുന്നു. ചെലവും കുറവാണ്. അതുകൊണ്ടുതന്നെ മാറി ചിന്തിക്കുന്ന കർഷകർക്ക് ഒരു പ്രചോദനമായി മാറുകയാണ് ബെന്നിയുടെ വിയറ്റ്നാം ഏർലി പ്ലാവിൻ തോട്ടം.
കാപ്പിയിലും കവുങ്ങിലുമെല്ലാം കൈ പൊള്ളിയ ബെന്നിക്ക് ഇത് മധുരം പകരുന്ന നാളുകളാണ്. അത് അതിമധുരമാക്കി തീർക്കാൻ ഇനിയും പ്ലാവിൻ തൈകൾ നടാനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകൻ.
Also Read: കൃഷിയിറക്കാനൊരുങ്ങുകയാണോ? വേനലിലും മഴയിലും ഒന്നല്ല വിളവ്, മാസമറിഞ്ഞ് കൃഷിയിറക്കണം