ഹൈദരാബാദ്: റെയിൽവേ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവർക്കായി പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. എല്ലാ റെയിൽവേ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് സ്വറെയിൽ സൂപ്പർ ആപ്പ് എന്ന ഈ ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ആപ്പ് വഴി ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിങ്, പിഎൻആർ സ്റ്റാറ്റസ് പരിശോധന, ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യൽ, പാഴ്‌സലും ചരക്കുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ എന്നിവ ചെയ്യാനാകും.
മുൻപ് റെയിൽവേ സേവനങ്ങളുമായി ബന്ധപ്പെട്ട പല ആവശ്യങ്ങൾക്കും വ്യത്യസ്‌ത പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടിയിരുന്നു. പുതിയ ആപ്പ് പ്രവർത്തനക്ഷമമാവുന്നതോടെ ഉപയോക്താവിന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഒരൊറ്റ ആപ്പിലൂടെ സാധിക്കും. സെന്‍റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് സ്വറെയിൽ സൂപ്പർ ആപ്പിന് പിന്നിൽ.
ഉപയോഗങ്ങൾ:
- റിസർവ്‌ഡ് ടിക്കറ്റുകളും അൺറിസർവ്‌ഡ് ടിക്കറ്റുകളും ഓൺലൈനായി ബുക്ക് ചെയ്യാം
- പ്ലാറ്റ്ഫോം ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം
- നിങ്ങളുടെ പാഴ്‌സൽ എവിടെ എത്തിയെന്ന് ട്രാക്ക് ചെയ്യാം
- ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യാം
- പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാം
- റീഫണ്ട് ക്ലെയിം ചെയ്യാം
- റെയിൽ മദദ് വഴി പരാതികൾ രജിസ്റ്റർ ചെയ്യാം
സ്വറെയിൽ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
സ്വറെയിൽ ആപ്പ് നിലവിൽ ബീറ്റ പരിശോധനയിലാണ്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആൻഡ്രോയ്‌ഡിലും ആപ്പിൾ ആപ്പ് സ്റ്റോർ വഴി ഐഒഎസിലും ഡൗൺലോഡ് ചെയ്യാനാകും. ഉപയോക്താക്കൾക്ക് ബീറ്റ ഘട്ടത്തിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത് ഫീഡ്‌ബാക്ക് നൽകാനും എന്തെങ്കിലും മെച്ചപ്പെടുത്തൽ ആവശ്യമെങ്കിൽ നിർദേശിക്കാനും സാധിക്കും.
സ്വറെയിൽ എന്ന് തെരഞ്ഞ് സിആർഐഎസ് പങ്കിട്ട ആപ്പ് കണ്ടെത്തി ഇൻസ്റ്റാൾ ചെയ്യാം. ഐആർസിടിസി, റെയിൽ കണക്‌ട്, യുടിഎസ് തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ ആപ്പുകളിലെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നേരിട്ട് സ്വറെയിൽ ആപ്പിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും. നേരത്തെ പറഞ്ഞ ആപ്പുകളിലൊന്നും നിങ്ങൾക്ക് അക്കൗണ്ട് ഇല്ലെങ്കിൽ നിങ്ങൾക്ക് പുതിയ ഉപയോക്താവായി രജിസ്റ്റർ ചെയ്യാം.
ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കുന്നതിനായി ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ ഒരു ആർ-വാലറ്റ് സൃഷ്‌ടിക്കപ്പെടും. ഇനി നിങ്ങൾക്ക് മുൻപ് വേറെ ആർ-വാലറ്റ് ഉണ്ടെങ്കിൽ അത് പുതിയ ആപ്പുമായി ഓട്ടോമാറ്റിക്കായി ലിങ്ക് ചെയ്യപ്പെടും. നിങ്ങൾക്ക് താത്‌ക്കാലികമായി മാത്രം ലോഗിൻ ചെയ്‌താൽ മതിയെങ്കിൽ മൊബൈൽ നമ്പറും ഒടിപിയും മാത്രം നൽകിക്കൊണ്ട് ലോഗിൻ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പെട്ടന്നുള്ള ആവശ്യങ്ങൾക്ക് എളുപ്പം സ്വറെയിലിലേക്ക് പ്രവേശിക്കാൻ ഈ ഫീച്ചർ സഹായിക്കും.
ഈ ആപ്പിന്‍റെ പ്രത്യേക ഫീച്ചറുകൾ:
- ഒരൊറ്റ സൈൻ-ഇൻ പ്രക്രിയയിലൂടെ എല്ലാ സേവനങ്ങളും ആക്‌സസ് ചെയ്യാം
- എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ ലഭിക്കുന്ന ഓൾ-ഇൻ-വൺ ആപ്പ്
- ഒന്നിലധികം പ്ലാറ്റ്‌ഫോമിലെ വിവരങ്ങളും സേവനങ്ങളും സംയോജിപ്പിച്ച് ഏകീകൃത രീതിയിൽ നൽകുന്നു
- റെയിൽകണക്‌ട്, യുടിഎസ്, ഐആർസിടിസി ആപ്പിലെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാം
- ഒന്നിലധികം ലോഗിൻ ഓപ്ഷനുകൾ
- എളുപ്പത്തിൽ ലോഗിൻ ചെയ്യാം
- എം-പിൻ അല്ലെങ്കിൽ ബയോമെട്രിക് ഓതന്‍റിഫിക്കേഷൻ ഉപയോഗിച്ച് ആപ്പ് ആക്‌സസ് ചെയ്യാം
Also Read:
- വാട്‌സ്‌ആപ്പ് ഉപയോക്താക്കൾ സൂക്ഷിക്കുക! നിങ്ങളറിയാതെ വിവരങ്ങൾ ചോർത്തും; ഇസ്രയേൽ കമ്പനി ചാരവൃത്തി നടത്തുന്നതായി ആരോപണം
- രണ്ട് സിം ഉപയോഗിക്കുന്നവരാണോ? വോയ്‌സ് കോൾ പ്ലാനുകളിൽ മികച്ചതേത്? ലാഭം ജിയോയോ എയർടെലോ അതോ വിഐയോ?
- ഗൂഗിൾപേയിൽ നിങ്ങളറിയാതെ പണം നഷ്‌ട്ടപ്പെടുന്നുണ്ടോ? കാരണം ഇതാകാം
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...
- 320 കിലോമീറ്റർ റേഞ്ചിൽ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: വില 79,999 രൂപ