മുംബൈ : രഞ്ജി ട്രോഫി (Ranji Trophy) ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ റെക്കോഡ് പ്രകടനവുമായി മുംബൈ താരങ്ങളായ തനുഷ് കൊടിയാനും (Tanush Kotian) തുഷാര്‍ ദേശ്‌പാണ്ഡെയും (Tushar Deshpande). ബറോഡക്കെതിരായ (Mumbai vs Baroda ) ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പത്താമതും പതിനൊന്നാമതുമായി ക്രീസിലെത്തി സെഞ്ചുറി പ്രകടനം നടത്തിയാണ് ഇരുവരും ചരിത്രം തീര്‍ത്തിരിക്കുന്നത്. രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വാലറ്റത്ത് സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരങ്ങളാണ് തനുഷ് കൊടിയാനും തുഷാര്‍ ദേശ്‌പാണ്ഡെയും. 78 വര്‍ഷത്തിന് മുന്നെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇത്തരം ഒരു സംഭവം അരങ്ങേറിയത്. 1946-ല്‍ ചന്ദു സര്‍വതെയും ഷുട്ടെ ബാനര്‍ജിയുമാണ് പത്തും പതിനൊന്നും നമ്പറുകളില്‍ ഇറങ്ങി സെഞ്ചുറി നേടിയത്. സറേയ്‌ക്കെതിരെ ഇന്ത്യന്‍ ടീമിനായാണ് ഇരു താരങ്ങളും അവസാന വിക്കറ്റില്‍ സെഞ്ചുറി അടിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നേടിയ 384 റണ്‍സിന്‍റെ മറുപടിക്ക് ഇറങ്ങിയ ബറോഡ 348 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ മുംബൈ 337-9 എന്ന സ്കോറില്‍ നില്‍ക്കെയാണ് തനുഷ് കൊടിയാനും തുഷാര്‍ ദേശ്‌പാണ്ഡെയും ക്രീസില്‍ ഒന്നിക്കുന്നത്. പിന്നീട് ബറോഡ ബോളര്‍മാര്‍ക്കെതിരെ മിന്നും പ്രകടനമാണ് ഇരുവരും നടത്തിയത്.
തനുഷ് കൊടിയാന്‍ 129 പന്തുകളില്‍ പുറത്താകാതെ 120 റണ്‍സടിച്ചപ്പോള്‍ 129 പന്തില്‍ 123 റണ്‍സായിരുന്നു തുഷാര്‍ ദേശ്‌പാണ്ഡെയുടെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പതിനൊന്നാം നമ്പറിൽ ബാറ്റ് ചെയ്‌ത് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററാണ് തുഷാര്‍ ദേശ്‌പാണ്ഡെ. എന്നാല്‍ 123 റണ്‍സ് നേടാന്‍ കഴിഞ്ഞതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറായി ഇതുമാറി. ഷുട്ടെ ബാനര്‍ജി നേടിയ 121 റണ്‍സിന്‍റെ റെക്കോഡാണ് തുഷാര്‍ പൊളിച്ചത്.
തനുഷ് കൊടിയാന്‍ 115 പന്തുകളില്‍ സെഞ്ചുറി തികച്ചപ്പോള്‍ മൂന്നക്കത്തിലേക്ക് എത്താന്‍ 112 പന്തുകളാണ് തുഷാര്‍ ദേശ്‌പാണ്ഡെയ്‌ക്ക് വേണ്ടി വന്നത്. ഇരുവരും ചേര്‍ന്ന് അവസാന വിക്കറ്റില്‍ 232 റണ്‍സാണ് മുംബൈയുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. രഞ്‌ജി ടൂര്‍ണമെന്‍റില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പത്താം വിക്കറ്റ് കൂട്ടുകെട്ടാണിത്. 1991-92 സീസണില്‍ 233 റണ്‍സടിച്ച മനീന്ദര്‍ സിങ്ങിന്‍റെയും (Maninder Singh) അജയ് ശര്‍മയുടെയും (Ajay Sharma) പേരിലുള്ള റെക്കോഡാണ് വെറും രണ്ട് റണ്‍സ് അകലത്തില്‍ ഇരുവര്‍ക്കും നഷ്‌ടമായത്.
ALSO READ: കളിക്കാര്‍ക്കിഷ്‌ടം ഐപിഎല്‍ ; ടെസ്റ്റിലേക്ക് ആകര്‍ഷിക്കാന്‍ പുത്തന്‍ തന്ത്രവുമായി ബിസിസിഐ
തനുഷ് കൊടിയാനും തുഷാര്‍ ദേശ്‌പാണ്ഡെയും തിളങ്ങിയതോടെ അവസാന ദിനത്തിൽ ബറോഡയ്‌ക്ക് മുന്നില്‍ 606 റൺസിന്‍റെ കൂറ്റന്‍ ലക്ഷ്യമുയര്‍ത്താന്‍ മുംബൈക്ക് കഴിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ 36 റണ്‍സിന്‍റെ ലീഡ് എടുത്തതിനാല്‍ മത്സരം സമനിലയിലായാലും മുംബൈക്ക് സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാം.