ഇന്ന് ഏറ്റവുമധികം ആളുകൾ നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവയെല്ലാം പ്രമേഹത്തെ വിളിച്ചുവരുത്തുന്ന ഘടകങ്ങളാണ്. പ്രമേഹം വന്നു കഴിഞ്ഞാൽ അത് നിയന്ത്രിക്കുക മാത്രമാണ് ഏക പോംവഴി. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയെക്കാൾ ഉയർന്ന നിലയിലാണുള്ളതെങ്കിൽ നിങ്ങൾ പ്രീ ഡയബറ്റിസ് അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. ഇത് നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. പ്രീ ഡയബെറ്റിസ് സ്റ്റേജിലുള്ളവർക്ക് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ പ്രമേഹത്തെ തടയാൻ സാധിക്കും. പ്രീ ഡയബറ്റിസിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അസാധാരണമായ ദാഹം
ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും അസാധാരണമായ ദാഹം അനുഭവപ്പെടുക.
ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരുന്നതാണ് ഇതിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. പ്രത്യേകിച്ച് രാത്രിയിൽ.
ക്ഷീണം
വ്യക്തമായ കാരണമൊന്നുമില്ലാതെ കടുത്ത ക്ഷീണം അനുഭവപ്പെടുക.
ശരീരഭാരത്തിലെ മാറ്റം
പ്രീ ഡയബറ്റിസിന്‍റെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ് അകാരണമായി പെട്ടന്ന് ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത്.
മങ്ങിയ കാഴ്‌ച
രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ കാരണം കാഴ്‌ച മങ്ങാൻ ഇടയാകും.
മുറിവ് ഉണങ്ങാൻ കാലതാമസം
മുറിവുകളോ ചതവുകളോ സുഖപ്പെടുത്താൻ സാധാരണത്തേക്കാൾ കൂടുതൽ സമയം ആവശ്യമായി വരുന്നതും പ്രീ ഡയബറ്റിസിന്‍റെ ഒരു ലക്ഷണമാണ്.
അമിതമായ വിശപ്പ്
എത്ര ഭക്ഷണം കഴിച്ചിട്ടും വീണ്ടും വിശപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.
ഇരുണ്ട ചർമ്മം
കഴുത്ത്, കക്ഷങ്ങൾ, ഞരമ്പ് എന്നിവയ്ക്ക് ചുറ്റുമുള്ള ചർമ്മ ഭാഗങ്ങൾ ഇരുണ്ടതും കട്ടിയുള്ളതുമായി കാണപ്പെടുക.
പ്രീ ഡയബറ്റിസ് അവസ്ഥയിലുള്ളവർ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ടത് ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
- പാക്ക് ചെയ്‌ത പാനീയങ്ങൾ പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്. ജ്യൂസ്, സോഡ, മധുരമടങ്ങിയ കോഫി, ചായ, നാരങ്ങാവെള്ളം, മിക്‌സഡ് ആൽക്കഹോൾ കോക്‌ടെയിലുകൾ, എനർജി ഡ്രിങ്കുകള്‍, എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക.
- ബര്‍ഗർ, ഫ്രഞ്ച് ഫ്രൈസ്, ഹോട്ട് ഡോഗ്‌സ് എന്നിവ ഉൾപ്പെടെയുള്ള ജങ്ക് ഫുഡുകൾ കഴിക്കുന്നത് ഒഴിവാക്കുക
- ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ധാന്യം, ബട്ടർനട്ട് തുടങ്ങീ അന്നജം ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക
- ചീസ് കേക്ക്, സോർബറ്റ്, ഫ്രോസൺ തൈര് എന്നിവ ഉൾപ്പെടെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഡെസേര്‍ട്ടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
- വെളുത്ത അരി, വെളുത്ത പാസ്‌ത, വെളുത്ത ബ്രെഡ് എന്നിവയും ഡയറ്റിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ സ്വയം രോഗ നിർണയത്തിന് മുതിരാതെ ഒരു ഡോക്‌ടറെ സമീപിക്കുക.
Also Read : ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ ? കാരണം ഇതാകാം