ജീവിതശൈലിയിലെ മാറ്റം, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്‍റെ അഭാവം എന്നിവയെല്ലാം വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിൽ ഒന്നാണ് കൊളസ്‌ട്രോൾ. ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ അളവ് കൂടിയാൽ രക്തസമ്മർദ്ദം, ഹൃദയാഘാതം, കൊറോണറി ആർട്ടറി ഡിസീസ് എന്നീ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കും. അതിനാൽ കൊളസ്‌ട്രോൾ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിന് പ്രധാനമായും ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക എന്നതാണ്. പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണങ്ങൾ ചീത്ത കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാൻ ഇടയാക്കും. അതിനാൽ ഉയർന്ന അളവിൽ ചീത്ത കൊളസ്ട്രോളുള്ള ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. അവ ഏതൊക്കെയെന്ന് നോക്കാം.
ട്രാൻസ് ഫാറ്റുകൾ
സംസ്‌കരിച്ച ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ കുറയ്ക്കുകയും ചീത്ത കൊളസ്‌ട്രോൾ വർധിക്കാൻ ഇടയാക്കുകയും ചെയ്യും. കുക്കീസ്, ബിസ്ക്കറ്റ്, കേക്കുകൾ തുടങ്ങീ പാക്ക് ചെയ്‌ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, ചിപ്‌സ് എന്നിവയെല്ലാം ട്രാൻസ് ഫാറ്റുകൾ ധാരാളം അടങ്ങിയവയാണ്. അതിനാൽ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
പൂരിത കൊഴുപ്പുകൾ
പൂരിത കൊഴുപ്പുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എൽഡിഎൽ കൊളസ്‌ട്രോൾ വർധിപ്പിക്കുമെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി, സോസേജുകൾ, ഹോട്ട് ഡോഗ്, ബേക്കൺ, ചീസ്, വെണ്ണ, പാൽ, പാം ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയവയില്ലെല്ലാം പൊരുത്ത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ അമിത ഉപയോഗം കൊളസ്‌ട്രോൾ അളവ് വർധിപ്പിക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
വറുത്ത ഭക്ഷണങ്ങൾ
ഉയർന്ന അളവിൽ ട്രാൻസ് ഫാറ്റുകൾ അടങ്ങിയ എണ്ണകളിൽ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ അളവ് ഉയർത്തുമെന്ന് 2019 ൽ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. ഒരേ എണ്ണ ഒന്നിലധികം തവണ ചൂടാക്കി ഉപയോഗിക്കുന്നത് ട്രാൻസ് ഫാറ്റുകളുടെ അളവ് ഉയരാൻ ഇടയാക്കും. അതിനാൽ ഫ്രെഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, ഡോനട്ട്സ് എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ നേരിട്ട് കൊളസ്‌ട്രോൾ അളവ് ഉയർത്തില്ല. എന്നാൽ ഇത് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യും. ഇത് പ്രമേഹത്തിന് കാരണമാകുകയും കൊളസ്‌ട്രോൾ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇവ ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. അതിനാൽ വെളുത്ത അപ്പം, വെളുത്ത പാസ്‌ത, പേസ്ട്രികൾ, കുക്കികൾ, മധുരമുള്ള ധാന്യങ്ങൾ തുടങ്ങിയ മധുരപലഹാരങ്ങൾ ഒഴിവാക്കുക.
സംസ്‌കരിച്ച ലഘുഭക്ഷണങ്ങൾ
സംസ്‌കരിച്ച ലഘുഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകളും പഞ്ചസാരയും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിൻ്റെ അളവിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഉരുളക്കിഴങ്ങ് ചിപ്‌സ്, മൈക്രോവേവ് പോപ്‌കോൺ, കാൻഡി ബാർസ് തുടങ്ങിയവ പരിമിതപ്പെടുത്തുക.
സസ്യ എണ്ണകൾ
ഒലിവ് ഓയിൽ പോലുള്ള ചില സസ്യ എണ്ണകൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. എന്നാൽ കോൺ ഓയിൽ, സോയാബീൻ ഓയിൽ എന്നിവയുടെ അമിത ഉപയോഗം വീക്കം ഉണ്ടാക്കുകയും കൊളസ്ട്രോൾ അളവ് വർധിപ്പിക്കുകയും ചെയ്യുമെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കൊഴുപ്പ് കൂടിയ മധുരപലഹാരങ്ങൾ
ഐസ്ക്രീം, ചോക്ലേറ്റ് കേക്ക്, ധാരാളം വെണ്ണയോ ക്രീമോ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേസ്ട്രികൾ തുടങ്ങിയ മധുരപലഹാരങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ ഇടയാക്കും.