ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരെല്ലാം ഇടം പിടിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. മെയ് ഒന്നിന് സ്ക്വാഡ് പ്രഖ്യാപിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ അവസാനഘട്ട ചര്‍ച്ചകള്‍ ഇന്ത്യൻ ക്രിക്കറ്റ് തലപ്പത്ത് പുരോഗമിക്കുകയാണ്. വരും മണിക്കൂറുകളില്‍ തന്നെ ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
ഇതിന്‍റെ ഭാഗമായി ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ നിര്‍ണായക യോഗം ഇന്ന് അഹമ്മദാബാദില്‍ ചേരുകയാണ്. നേരത്തെ, ഇന്നലെ യോഗം ചേരുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍, സ്‌പിന്നര്‍മാര്‍, റിസര്‍വ്‌ഡ് തുടങ്ങിയ പൊസിഷനുകളിലേക്ക് ആരെ പരിഗണിക്കണം എന്ന കാര്യങ്ങളിലാകും പ്രധാനമായും ചര്‍ച്ച നടക്കുക.
സഞ്ജു vs പന്ത് vs രാഹുല്‍ :ടി20 ലോകകപ്പിനായി ഇന്ത്യൻ ടീം പറക്കുമ്പോള്‍ വിക്കറ്റ് കീപ്പറായി ആര് ടീമില്‍ ഇടം പിടിക്കുമെന്നതാണ് ആരാധകര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. നിലവില്‍ രണ്ട് പേരെയാണ് ഈ സ്ഥാനത്തേക്ക് ആവശ്യം. എന്നാല്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലേക്ക് സഞ്ജു സാംസണ്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിങ്ങനെ മൂന്ന് പേരാണ് മത്സരിക്കുന്നത്.
ഐപിഎല്ലില്‍ മൂവരും തകര്‍പ്പൻ ഫോമിലാണ്. 350ല്‍ അധികം റണ്‍സ് മൂന്ന് പേര്‍ക്കും ഇതിനോടകം തന്നെ നേടാൻ സാധിച്ചിട്ടുണ്ട്. ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കുമോ അതോ റിഷഭ് പന്ത് ഇന്ത്യൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുമോ എന്നാണ് അറിയേണ്ടത്.
സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് ഓപ്പണിങ്ങിലെ ആശയക്കുഴപ്പം : രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ ടി20 ലോകകപ്പ് കളിക്കാൻ ഇറങ്ങുമ്പോള്‍ ഇന്ത്യൻ നായകനൊപ്പം ഇന്നിങ്‌സ് ആരാകും ഓപ്പണ്‍ ചെയ്യുക എന്നതും പ്രധാന ചോദ്യങ്ങളില്‍ ഒന്നാണ്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന തരത്തില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനും കോലിക്കായിട്ടുണ്ട്.
ഇതോടെ, ബാക്ക് അപ്പ് ഓപ്പണറായി ആര് എത്തുമെന്ന് വേണം കണ്ടറിയേണ്ടത്. ശുഭ്‌മാൻ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കാണ് ഈ സ്ഥാനത്തേക്ക് ബിസിസിഐ ഒരുപക്ഷേ പ്രഥമ പരിഗണന നല്‍കുക. എന്നാല്‍, ഇരുവരും ഐപിഎല്ലില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്ത സാഹചര്യത്തില്‍ റിതുരാജ് ഗെയ്‌ക്‌വാദിനോ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനോ നറുക്ക് വീഴാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ സ്‌പിന്നര്‍മാരായി ആരെല്ലാം ? :സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന പിച്ചുകളാണ് ലോകകപ്പിന് ആതിഥേയത്വമരുളുന്ന വെസ്റ്റ് ഇന്‍ഡീസില്‍ അധികവും. ഈ സാഹചര്യത്തില്‍ മൂന്നോ നാലോ സ്പിന്നര്‍മാരെ ഇന്ത്യ പരിഗണിച്ചേക്കാം. ഐപിഎല്ലിലെ മിന്നും പ്രകടനം കൊണ്ട് ലോകകപ്പ് ടീമിലേക്കുള്ള റേസില്‍ യുസ്‌വേന്ദ്ര ചാഹല്‍ മുന്നിലുണ്ട്.
കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരും സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ് എന്നിവരുടെ ഫോം മാത്രമാണ് സ്പിന്നര്‍മാരില്‍ നിലവില്‍ ബിസിസിഐയെ ആശങ്കപ്പെടുത്തുന്നത്.
ഹാര്‍ദിക് പാണ്ഡ്യയുടെ ഫോം :സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്ലിലെ മോശം ഫോം ബിസിസിഐ സെലക്ഷൻ കമ്മിറ്റിയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മുംബൈ ഇന്ത്യൻസിനായി ഈ സീസണില്‍ കളിച്ച 9 മത്സരങ്ങളില്‍ നിന്നും 197 റണ്‍സ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. ബൗളിങ്ങില്‍ ആകട്ടെ 19 ഓവര്‍ പന്തെറിഞ്ഞ താരം 227 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ആകെ നേടിയതും.
ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു ബിഗ് ഹിറ്ററായ ബാറ്റിങ് ഓള്‍റൗണ്ടറെ ടീം ഇന്ത്യയ്‌ക്ക് ഏറെ ആവശ്യമാണ്. ഹാര്‍ദിക് ഇല്ലെങ്കില്‍ ഈ റോളിന് ടീമിലിടം കണ്ടെത്താൻ സാധ്യത ഉള്ള താരം ശിവം ദുബെയാണ്. ഐപിഎല്ലില്‍ ബാറ്റുകൊണ്ട് തിളങ്ങുന്നുണ്ടെങ്കിലും താരം പന്ത് എറിയുന്നില്ലെന്നത് തിരിച്ചടിയാകുമോ എന്നത് കണ്ടറിയണം.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ : ടി20 ലോകകപ്പിനുള്ള മെയിൻ സ്ക്വാഡിലുള്ളവരെ പോലെ തന്നെ പ്രാധന്യമുള്ളവരാകും സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിലും ഇടം പിടിക്കുക. റിയാൻ പരാഗ്, ഖലീല്‍ അഹമ്മദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ലോകകപ്പിനുള്ള സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാൻ ഏറെ സാധ്യതയുള്ള താരങ്ങളാണ് ഇവര്‍. ഇവരെ കൂടാതെ റിങ്കു സിങ്, പേസര്‍ മായങ്ക് യാദവ് എന്നിവരെയും പരിഗണിച്ചേക്കാം.