ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ശക്തമായ ബന്ധമാണുള്ളതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റമുണ്ടാകാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം സംരക്ഷിക്കണമെന്നും പറഞ്ഞു. ന്യൂഡൽഹിയിലെ ഫുൾബ്രൈറ്റ് ഹൗസിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങള്‍ക്കിടയിലും മികച്ച ബന്ധം സൂക്ഷിക്കാൻ കഴിഞ്ഞാൽ മറ്റൊരുശക്തിക്കും പിരിക്കാൻ കഴിയാത്തത്ര ശക്തരായി ഇരു രാജ്യങ്ങളും മാറും. ആഭ്യന്തരമായും അന്തർദേശീയമായും നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ നമുക്ക് ഒരുമിച്ച് ശബ്‌ദം ഉയര്‍ത്താമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കേണ്ട ആവശ്യതകയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
എല്ലായ്‌പ്പോഴും ചിലര്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുവരാറുണ്ട്. എന്നാല്‍ ഇന്ത്യക്കാരനും അമേരിക്കക്കാരനും ഒന്നാണെന്ന തരത്തില്‍ ആഴത്തിലുള്ള ഒരു ബന്ധം സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ ആദ്യത്തെ യുഎസ് നയതന്ത്ര ദൗത്യം സ്ഥാപിതമായതിനുശേഷം 230 വർഷത്തിലേറെയായി വളർത്തിയെടുത്ത ഇന്ത്യ-യുഎസ് ബന്ധത്തെ കുറിച്ചും ഗാർസെറ്റി പ്രശംസിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'അമേരിക്കക്കാർ ഇന്ത്യക്കാരെ സ്നേഹിക്കുന്നു. ഇന്ത്യക്കാർ അമേരിക്കക്കാരെ സ്നേഹിക്കുന്നു. രണ്ട് വലിയ വൈവിധ്യമാർന്ന ജനാധിപത്യ രാജ്യങ്ങളിൽ ജീവിക്കാൻ കഴിയുന്ന മനുഷ്യരെന്ന നിലയിൽ നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന് ചിന്തിക്കുക. ഞാൻ പലപ്പോഴും പറഞ്ഞതുപോലെ, ജനാധിപത്യം കൈകാര്യം ചെയ്യുന്നത് മറ്റേതിനേക്കാള്‍ ബുദ്ധിമുട്ടാണ്, പക്ഷേ ജനാധിപത്യമാണ് ഏറ്റവും മികച്ച ഭരണ സംവിധാനം,' എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അഞ്ച് ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് അമേരിക്കൻ വിസയുണ്ട്. ഇപ്പോഴത് 60 ശതമാനത്തിലധികം വർധിപ്പിച്ചു. റെക്കോർഡ് എണ്ണം സന്ദർശക വിസകൾ ഉൾപ്പെടെ ഒരു ദശലക്ഷത്തിലധികം കുടിയേറ്റ ഇതര വിസകൾ നൽകാനായി. വിസക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയവും കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിസ പ്രോസസിങ് കാര്യക്ഷമമാക്കുകയും പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് എഐ വരെ ഉപയോഗിക്കുകയും ചെയ്‌ത ഇന്ത്യയിലെ യുഎസ് മിഷൻ്റെ പ്രവർത്തനങ്ങളിൽ ഗാർസെറ്റി അഭിമാനം പ്രകടിപ്പിച്ചു.