കേരളം

kerala

ETV Bharat / sports

ആദ്യ ഓവര്‍ എപ്പോഴും ഇയാള്‍ക്ക് തന്നെ എറിയണോ, അതിന് പറ്റിയ ബുംറയൊക്കെ മുംബൈയില്‍ ഇല്ലേ...; ഹാര്‍ദിക്കിന് എതിരെ വിമര്‍ശനം - IPL 2024 - IPL 2024

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈക്കായി ആദ്യ ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യ 11 റണ്‍സ് വഴങ്ങിയിരുന്നു.

MUMBAI INDIANS  HARDIK PANDYA  GUJARAT TITANS  SUNIL GAVASKAR
Sunil Gavaskar against Hardik Pandya for bowling the first over during MI vs GT match

By ETV Bharat Kerala Team

Published : Mar 25, 2024, 1:44 PM IST

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2024) മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) തന്‍റെ പഴയ ടീം കൂടിയായ ഗുജറത്ത് ടൈറ്റന്‍സിനെതിരെ (Gujarat Titans) ഇറങ്ങിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഗുജറാത്തിനെതിരെ ആദ്യ ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിലുള്ളപ്പോഴും ആദ്യ ഓവര്‍ എറിയുക എന്നത് 30-കാരനായ പാണ്ഡ്യ തന്‍റെ അവകാശമാക്കി വച്ചിരുന്നു.

മുംബൈയില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയെ (Jasprit Bumrah) മാറ്റി നിര്‍ത്തിയായിരുന്നു ഹാര്‍ദിക് ആദ്യ ഓവറില്‍ പന്തെടുത്തത്. ആദ്യ ഓവറില്‍ തന്നെ താരം 11 റണ്‍സ് വഴങ്ങുകയും ചെയ്‌തു. ഹാര്‍ദിക് പന്തെറിയാന്‍ എത്തിയപ്പോള്‍ തന്നെ കമന്‍ററി ബോക്‌സില്‍ വിമര്‍ശനം ഉയര്‍ന്നു. ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണും (Kevin Pietersen) ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുമായിരുന്നു (Sunil Gavaskar) ഇതേക്കുറിച്ച് സംസാരിച്ചത്.

ജസ്‌പ്രീത് ബുംറ എന്തുകൊണ്ട് ആദ്യ ഓവര്‍ എറിയുന്നില്ലെന്നും താരത്തിന് ആദ്യ ഓവര്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞപ്പോള്‍ ശ്രദ്ധേയമായ മറുപടിയാണ് ഗവാസ്‌കര്‍ നല്‍കിയത്. ആ ചോദ്യം ഏറെ മികച്ചതും പ്രസക്തവുമാണെന്നുമായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്. വിഷയത്തില്‍ ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പഠാനും (Irfan Pathan) പ്രതികരിച്ചിരുന്നു.

ബുംറ എവിടെയെന്ന് തന്‍റെ എക്‌സ് അക്കൗണ്ടിലൂടെ താരം ചോദിക്കുകയായിരുന്നു. മത്സരത്തില്‍ ബുംറ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഹാര്‍ദിക് അടി വാങ്ങുകയും ചെയ്‌തിരുന്നു. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയ ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. 3.50 ആയിരുന്നു ഇക്കോണമി.

ALSO READ:രാജസ്ഥാനായി വീണ്ടും അര്‍ധ സെഞ്ചുറി; സഞ്‌ജുവിന് റെക്കോഡ്, ഭീഷണിയായി ബട്‌ലര്‍ - Sanju Samson IPL Record

മറുവശത്ത് മൂന്ന് ഓവറില്‍ 30 റണ്‍സായിരുന്നു ഹാര്‍ദിക് വിട്ടുനല്‍കിയത്. മത്സരത്തില്‍ മുംബൈ ആറ് റണ്‍സിന് തോല്‍വി വഴങ്ങുകയും ചെയ്‌തു. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് സായ്‌ സുദര്‍ശന്‍ (39 പന്തില്‍ 45), ശുഭ്‌മാന്‍ ഗില്‍ (22 പന്തില്‍ 31) എന്നിവരുടെ മികവില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 168 റണ്‍സായിരുന്നു നേടിയത്.

ALSO READ: ഇത് നെഹ്‌റയുടെ 'ടൈറ്റൻസ്'; മുംബൈയ്‌ക്കെതിരായ ജയം, ഗുജറാത്ത് പരിശീലകനെ വാഴ്‌ത്തി സോഷ്യല്‍ മീഡിയ - IPL 2024

മറുപടിക്ക് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മുന്‍ നായകന്‍ രോഹിത് ശര്‍മ (29 പന്തില്‍ 43), ഡെവാള്‍ഡ് ബ്രെവിസ് (38 പന്തില്‍ 46) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാന്‍ കഴിഞ്ഞത്.

ABOUT THE AUTHOR

...view details